കെ.എം. ഷാജി പത്തുവർഷത്തിനിടെ നടത്തിയത് 49 വിദേശയാത്രകൾ, ഭൂരിഭാഗവും കെ.എം.സി.സിയുടെ ആവശ്യങ്ങൾക്കായിരുന്നുവെന്ന് മൊഴി
പ്ലസ്ടു കോഴ, നികുതിവെട്ടിപ്പ് കേസുകളിൽ അന്വേഷണം നേരിടുന്ന മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ കെ.എം. ഷാജി പത്തുവർഷത്തിനിടെ നടത്തിയത് 49 വിദേശയാത്രകൾ. യാത്രകളിൽ ഭൂരിഭാഗവും കെ.എം.സി.സിയുടെ ആവശ്യങ്ങൾക്കായിരുന്നു. രണ്ടു തവണ സർക്കാർ ചെലവിലും രണ്ടുതവണ ഉംറക്കായുമാണ് ഷാജി വിദേശയാത്ര നടത്തിയത്. കെ.എം. ഷാജി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെ അറിയിച്ചതാണ് ഇക്കാര്യം.
കേസുകളുമായി ബന്ധപ്പെട്ട് കെ.എം. ഷാജി കഴിഞ്ഞ ദിവസം ഇ.ഡിക്ക് മുന്നിൽ 19 രേഖകൾ ഹാജരാക്കിയിരുന്നു. പാസ്പോർട്ട്, വസ്തുക്കളുടെ ആധാരം, ബാങ്ക് സ്റ്റേറ്റ്മെൻറുകൾ, വീടിെൻറ പ്ലാൻ തയാറാക്കിയ എൻജിനീയറുടെ വിവരങ്ങൾ, വീടിന് പെർമിറ്റ് ലഭിച്ച രേഖകൾ തുടങ്ങിയവയാണ് ഹാജരാക്കിയത്.
കഴിഞ്ഞ 10 വർഷത്തെ വരവ് ചെലവ് കണക്കുകളുടെ ഫ്ലോ ചാർട്ട് ഹാജരാക്കാൻ ഇ.ഡി നിർദേശം നൽകിയിരുന്നു. പണം വന്ന തീയതി, ചെലവാക്കിയ വിവരങ്ങൾ, പണം അയച്ചയാളുടെ വിവരങ്ങൾ ഫ്ലോ ചാർട്ടിൽ കാണിക്കണം.
അതേസമയം കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് ഫണ്ടുകളെക്കുറിച്ചും അന്വേഷണം നടത്തും.
കഴിഞ്ഞ ദിവസങ്ങളിൽ െക.എം. ഷാജിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. രണ്ടു ദിവസങ്ങളിലും ചോദ്യം ചെയ്യൽ രാത്രി ഏറെ വൈകി വരെ നീണ്ടു. അഴീക്കോട് ഹൈസ്കൂളിൽ പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആക്ഷേപത്തെ തുടർന്നായിരുന്നു ഇ.ഡിയുടെ ആദ്യ അേന്വഷണം. പിന്നീട് ആഡംബര വീട്ടിലേക്കും നികുതിവെട്ടിപ്പിലേക്കും അന്വേഷണം നീളുകയായിരുന്നു.