ക്ഷേത്രങ്ങളും സ്‌കൂളുകളും ഉടന്‍ തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
മുംബൈ: കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സംസ്ഥാനത്തെ ക്ഷേത്രങ്ങൾ ഉടൻ തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ക്ഷേത്രങ്ങൾക്കുള്ള പ്രവർത്തനനിർദേശങ്ങൾ ദീപാവലിക്ക് ശേഷം പുറത്തിറക്കും. 9-12 വരെ ക്ലാസ്സുകളിലെ വിദ്യാർഥികൾക്കായി സ്കൂൾ ദീപാവലിക്ക് ശേഷം തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് മുതലാണ് ക്ഷേത്രങ്ങളും സ്കൂളുകൾ അടച്ചിട്ടത്.
മുതിർന്ന പൗരന്മാർ കൂടുതലായി എത്താൻ സാധ്യതയുള്ള സ്ഥലമാണ് ക്ഷേത്രങ്ങൾ. ഇവർക്ക് രോഗവ്യാപനത്തിന് സാധ്യത കൂടുതലാണെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ ആരാധനാലയങ്ങളിൽ ആൾ തിരക്ക് ഉണ്ടാവുന്നത് കർശനമായി നിയന്ത്രിക്കും. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമായി തുടരണം. അല്ലാത്തവർക്ക് പിഴ നേരിടേണ്ടിവരും.- അദ്ദേഹം വിശദീകരിച്ചു.
സംസ്ഥാനത്തെ ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്ധവും ഗവർണർ ഭഗത് സിങ് കോഷിയാരിയും തമ്മിൽ വാക്ക്പോര് നിലനിൽക്കെയാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്ഷേത്രങ്ങൾ തുറക്കാൻ ഉടൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണർ ഉദ്ധവിന് കത്തയച്ചിരുന്നു. ക്ഷേത്രം തുറക്കാത്തതിൽ ബിജെപിയും പ്രതിഷേധമുയർത്തി. എന്നാൽ ഗൗരവമായി ആലോചിക്കാതെ ഉടൻ തീരുമാനം സ്വീകരിക്കില്ലെന്നായിരുന്നു ഉദ്ധവിന്റെ നിലപാട്.

