പ്രശ്നമുണ്ടെങ്കിൽ സംഘടനയ്ക്ക് ഉള്ളിൽ പറയുന്നതാണ് മര്യാദ; നേതാക്കൾക്കെതിരെ അബ്ദുള്ളക്കുട്ടി
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനങ്ങൾ രൂക്ഷമാവുന്ന സാഹചര്യത്തിൽ നേതാക്കൾക്കെതിരെ ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി രംഗത്ത്.
ബിജെപിയിൽ എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ടെന്നും പക്ഷേ എന്തു പ്രശ്നമാണെങ്കിലും അതെല്ലാം സംഘടനയ്ക്കുള്ളിൽ പറയുന്നതായിരുന്നു മര്യാദയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പിഎം വേലായുധൻ, കെ.പി ശ്രീശൻ തുടങ്ങിയവരാണ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.
അതേ സമയം സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തിറങ്ങിയ ശോഭ സുരേന്ദ്രൻ പാർട്ടിയിലെ അസംതൃപ്തരെ കൂടെ നിർത്താനുള്ള നീക്കങ്ങളിലാണ്.
സംസ്ഥാന നേതൃതൃത്വത്തിൽ മാത്രമല്ല പുനഃസംഘടനയിൽ ജില്ലകളിലും അസ്വസ്ഥരുടെ വലിയ നിരയുണ്ട്. ഇവരെ സുരേന്ദ്രനെതിരെ അണിനിരത്താനാണ് ശോഭയുടെ നീക്കം. ശോഭ പരസ്യമായി പ്രതികരിച്ചിട്ടും അതൊക്കെ തുടരെ അവഗണിക്കുകയാണ് സംസ്ഥാന നേതൃത്വം.

