• Breaking News

    എസ്‌.സി‌.ഒ ഉച്ചകോടി; ചൈനയ്ക്കും പാകിസ്ഥാനും കർശന സന്ദേശം നൽകി പ്രധാനമന്ത്രി മോദി

    SCO Summit; Prime Minister Modi sends stern message to China and Pakistan , www.thekeralatimes.com

    ചൈനയ്ക്കും പാകിസ്ഥാനും കർശന സന്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച ഷാങ്ഹായ് സഹകരണ സംഘടന (ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ- എസ്‌സി‌ഒ) ഉച്ചകോടിയിൽ പ്രസംഗിക്കകയായിരുന്നു മോദി. എല്ലാ അംഗരാജ്യങ്ങളും പരസ്പരം പ്രദേശിക സമഗ്രതയെ മാനിക്കണമെന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

    “ഷാങ്ഹായ് സഹകരണ സംഘടനാ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ശക്തമായ സാംസ്കാരികവും ചരിത്രപരവുമായ ബന്ധമുണ്ട് … പരസ്‌പരം ബന്ധം വർദ്ധിപ്പിക്കുന്നതിന് പരസ്പരം പരമാധികാരത്തെയും അതിർത്തിയുടെ സമഗ്രതയെയും ബഹുമാനിച്ച്‌ നാം മുന്നോട്ട് പോകേണ്ടത് പ്രധാനമാണെന്ന് ഇന്ത്യ വിശ്വസിക്കുന്നു,” പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു.

    എസ്‌സി‌ഒ ചാർട്ടറിനെയും ഷാങ്ഹായുടെ ആദര്‍ശത്തിനെയും ലംഘിക്കുന്ന തരത്തിൽ എസ്‌സി‌ഒയുടെ അജണ്ടയിൽ ഉഭയകക്ഷി പ്രശ്നങ്ങൾ കൊണ്ടുവരാനുള്ള അനാവശ്യ ശ്രമങ്ങൾ നിർഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

    കോവിഡ് -19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ യാത്രാ നിയന്ത്രണങ്ങളും സുരക്ഷാ ആശങ്കകളും കാരണം ഈ വർഷം എസ്‌സി‌ഒ ഉച്ചകോടി വെർച്വൽ ആയാണ് നടക്കുന്നത്. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പ്രതികൂല സാമ്പത്തിക ആഘാതവും വർദ്ധിച്ചു വരുന്ന ഭീകരവാദ ഭീഷണിയും ഉച്ചകോടിയിലെ വിഷയങ്ങളിൽ ആധിപത്യം പുലർത്താൻ സാധ്യതയുണ്ട്.

    നേരത്തെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, തീവ്രവാദത്തിന്റെ വ്യാപനത്തെ നേരിടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം തീവ്രവാദവത്കരണത്തിനായി ഇൻറർനെറ്റ് ഉപയോഗിക്കുന്നതും കൂടാതെ വ്യാപാരം, സാമ്പത്തിക പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ചയാവും.