ആ സംവിധായകന്റെ കരണത്തടിച്ചാണ് ഇറങ്ങിപ്പോന്നത്; മലയാള സിനിമയില്‍ നേരിട്ട വിശ്വാസവഞ്ചനയെ കുറിച്ച് നടി വിചിത്ര
മലയാള സിനിമയില്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് നടി വിചിത്ര. വിശ്വാസവഞ്ചനയുടെ പേരില്‍ ഒരു മലയാളം സംവിധായകനെ തല്ലേണ്ടി വന്നിട്ടുണ്ട് എന്നാണ് നടി പറയുന്നത്. ഒരു കാലത്ത് തമിഴ് സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞു നിന്ന താരമായിരുന്നു വിചിത്ര. ഏഴാമിടം, ഗന്ധര്‍വ്വരാത്രി എന്നീ മലയാള സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.
ഷക്കീല മലയാളം ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞു നില്‍ക്കുന്ന കാലത്ത് തനിക്ക് ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അന്ന് താനൊരു സിനിമയില്‍ അഭിനയിച്ചാല്‍ ശ്രദ്ധ നേടുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നു. ഇതിനെ കുറിച്ച് സംവിധായകനോട് സംസാരിച്ചപ്പോള്‍ മമ്മൂട്ടിയെ വെച്ച് സിനിമ സംവിധാനം ചെയ്ത വ്യക്തിയാണ് താന്‍ എന്നായിരുന്നു അയാളുടെ അവകാശവാദം.
പരീക്ഷ പോലും എഴുതാതെയാണ് ആ സിനിമ പൂര്‍ത്തിയാക്കിയത്. മാന്യമായേ ചിത്രീകരിക്കൂ എന്നാണ് അയാള്‍ പറഞ്ഞിരുന്നത്. ദിവസങ്ങള്‍ക്ക് ശേഷം അയാള്‍ വീണ്ടും വിളിച്ചു. കുളിസീനും ബലാത്സംഗ രംഗവും ആയിരുന്നു അത്. മോശമായി ചിത്രീകരിക്കില്ലെന്നും അയാള്‍ പറഞ്ഞു. എന്നാല്‍ ബലാത്സംഗ രംഗമാണ് സിനിമയുടെ പോസ്റ്ററില്‍ അടിച്ച് വന്നത്.
സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഇതോടെ തനിക്ക് സങ്കടവും ദേഷ്യവും വന്നു. വഞ്ചിക്കപ്പെട്ട പോലെ തോന്നി. ദേഷ്യം കനത്തപ്പോള്‍ അയാളെ നേരില്‍ കാണാന്‍ ചെന്നു. ആദ്യം അയാളുടെ കരണത്തടിക്കുകയാണ് ചെയ്തത്. ഒരുപാട് ചീത്ത വിളിച്ചാണ് അവിടെ നിന്ന് ഇറങ്ങിപ്പോന്നത് എന്നും വിചിത്ര തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

