‘അർണബിൻറെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് പ്രകാശ് ജാവദേക്കർ; പിന്തുണയുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും
റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത മുംബൈ പൊലീസ് നടപടിയെ അപലപിച്ച് കേന്ദ്ര മന്ത്രിമാർ. അര്‍ണബിനെ കൈയേറ്റം ചെയ്തത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെയുള്ള ആക്രമണമെന്നായിരുന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിൻറെ പ്രതികരണം. ഇത് നമ്മളെ അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. അര്‍ണബിനെ പിന്തുണക്കാത്തവര്‍ ഫാഷിസത്തെ പിന്തുണക്കുന്നവരാണെന്നായിരുന്നു സ്മൃതി ഇറാനി വാർത്തയോട് പ്രതികരിച്ചത്
मुंबई में प्रेस-पत्रकारिता पर जो हमला हुआ है वह निंदनीय है। यह इमरजेंसी की तरह ही महाराष्ट्र सरकार की कार्यवाही है। हम इसकी भर्त्सना करते हैं।@PIB_India @DDNewslive @republic
— Prakash Javadekar (@PrakashJavdekar) November 4, 2020
‘ഇന്ന് അര്‍ണബിനെ പിന്തുണക്കാത്തവര്‍ ഫാഷിസത്തെ പിന്തുണക്കുന്നവരാണ്. നിങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്മല്ലായിരിക്കാം. അദ്ദേഹത്തെ അംഗീകരിക്കുന്നില്ലായിരിക്കാം. പക്ഷേ നിങ്ങള്‍ നിശ്ശബ്ദരായി ഇരിക്കുന്നുണ്ടെങ്കില്‍ അടിച്ചമര്‍ത്തലിനെ പിന്തുണയ്ക്കുന്നു എന്നാണ് അര്‍ത്ഥം ‘- സ്മൃതി ഇറാനി വിശദീകരിച്ചു.
Those in the free press who don’t stand up today in support of Arnab, you are now tactically in support of fascism. You may not like him, you may not approve of him,you may despise his very existence but if you stay silent you support suppression. Who speaks if you are next ?
— Smriti Z Irani (@smritiirani) November 4, 2020
അതേസമയം അറസ്റ്റിന് പിന്നില്‍ ഒരു അജണ്ടയുമില്ലെന്ന് ശിവസേന വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ നിയമപരമായാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. തെളിവുണ്ടെങ്കില്‍ പൊലീസ് നടപടിയെടുക്കും. പ്രതികാര രാഷ്ട്രീയം ഉദ്ധവ് സര്‍ക്കാരിന്‍റെ നയമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ന് രാവിലെയാണ് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ വസതിയില്‍ നിന്ന് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2018-ല്‍ ഇന്റീരിയര്‍ ഡിസൈനറായിരുന്ന അന്‍വയ് നായികിന്റേയും അദ്ദേഹത്തിന്റെ മാതാവിന്റേയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. അന്‍വയ് നായികിന്റെ ആത്മഹത്യാക്കുറിപ്പില്‍ അര്‍ണബിന്റെ പേരും പരാമര്‍ശിച്ചിരുന്നു. റിപ്പബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു അന്‍വായ് നായികിന്‍റെ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. റിപ്പബ്ലിക് ടിവി 83 ലക്ഷവും ഫിറോസ് ഷെയ്ഖ് 4 കോടി രൂപയും നിതീഷ് സര്‍ദ 55 ലക്ഷവും നല്‍കാനുണ്ടെന്നായിരുന്നു കുറിപ്പ്. സ്ഥാപനങ്ങള്‍ ഡിസൈന്‍ ചെയ്ത വകയില്‍ കോടികള്‍ ലഭിക്കാതിരുന്നതോടെ അന്‍വായ് കടക്കെണിയില്‍ അകപ്പെട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
കേസില്‍ നേരത്തെ മഹാരാഷ്ട്ര പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നുവെങ്കിലും അന്‍വയ് നായികിന്റെ ഭാര്യ വീണ്ടും പരാതി നല്‍കിയത് പ്രകാരമാണ് പുനരന്വേഷണം ആരംഭിച്ചതും അന്വേഷണവിധേയമായി അര്‍ണബിനെ കസ്റ്റഡിയിലെടുത്തതും. പൊലീസ് തന്നെ കൈയേറ്റം ചെയ്‌തെന്നും വാനിലേക്ക് വലിച്ചിഴച്ചച്ചുവെന്നും അര്‍ണബ് പരാതിപ്പെട്ടിരുന്നു.

