സിബിഐ അന്വേഷണങ്ങൾക്ക് നിയന്ത്രണം; സ്വന്തം നിലക്ക് അന്വേഷിക്കാനുള്ള അനുമതി മന്ത്രിസഭാ യോഗം പിൻവലിച്ചു
സംസ്ഥാനത്ത് സിബിഐക്ക് സ്വന്തം നിലക്ക് അന്വേഷണം നടത്താൻ ഉണ്ടായിരുന്ന അനുമതി പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇനി വരുന്ന കേസുകളെയാണ് നിയന്ത്രണം ബാധിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഇനി കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ സർക്കാരിന്റെ അനുമതി ആവശ്യമായി വരും.
കോടതിയുടെ നിർദേശപ്രകാരം കേസുകൾ എടുക്കണമെങ്കിലോ ക്രിമിനൽ കേസുകൾ വരുമ്പോഴോ ഇത് ബാധകമാവില്ല. ഇത് എക്‌സിക്യൂട്ടീവ് ഓർഡറായി നിലവിൽ വരും. സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ പ്രവർത്തനത്തിൽ പക്ഷപാതിത്തമുണ്ടെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഉള്ള ആരോപണങ്ങൾ ഇതിനകം തന്നെ ഉയർന്ന് വന്നിരുന്നു.
കേരളത്തിൽ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേർപ്പെടുക്കാൻ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം എടുത്തിരുന്നു. മഹാരാഷ്ട്ര ഛത്തീസ്ഖഡ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം തന്നെ സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തുകളഞ്ഞിട്ടുണ്ട്. നാല് സംസ്ഥാനങ്ങൾക്ക് ശേഷം കേരളവും സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്ത് കളയാൻ തീരുമാനിക്കുകയാണ്.

