‘ലെറ്റ്സ് റോക്ക് റോൾ’ ദീപാവലി എപ്പിസോഡിൽ മലയാളിയുടെ അഭിമാനം സീ ചാനൽ ലിറ്റിൽ ചാംപ് ആര്യനന്ദയും, സരിഗമപ കേരളത്തിന്റെ പ്രിയ ഗായകരും കൊമ്പ് കോർക്കും
കൊച്ചി: സീ കേരളത്തിലെ പുതിയ സംഗീത പരിപാടി ‘ലെറ്റ്സ് റോക്ക് എൻ റോൾ’ വലിയ പ്രേക്ഷക പിന്തുണയോടെ കഴിഞ്ഞയാഴ്ച മുതൽ ആരംഭിച്ചു. ആദ്യ എപ്പിസോഡിലൂടെ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടാൻ പുതിയ സംഗീത ഗെയിം ഷോയായ ‘ലെറ്റ്സ് റോക്ക് എൻ റോളി'നായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നല്ല അഭിപ്രായം നേടാനും പരിപാടിക്ക് കഴിഞ്ഞു. ഏറെ പ്രശംസ ആദ്യ എപ്പിസോഡിൽ തന്നെ നേടിയ ‘ലെറ്റ്സ് റോക്ക് എൻ റോൾ’ ഈയാഴ്ച ദീപാവലി സ്പെഷ്യൽ എപ്പിസോഡുമായിട്ടാണ് പ്രേക്ഷകരുടെ മുന്നിൽ എത്തുക. പുതിയ കൗതുകങ്ങളും രസങ്ങളുമൊക്കെയായി ഇക്കുറി കല്ലുവിനോടും മാത്തുവിനോടും മുട്ടാൻ എത്തുന്നത് മലയാള പിന്നണി ഗാനശാഖയിലെ തിരക്കുള്ള താരങ്ങളായി മാറിയ സരിഗമപ കേരളത്തിന്റെ പ്രിയ ഗായകരാണ്. അവർക്കൊപ്പം സീ ചാനലിന്റെ ദേശീയ ഷോ ആയ സരിഗമപ ലിറ്റൽ ചാംപ് വിജയി മലയാളി മിടുക്കിക്കുട്ടി ആര്യനന്ദ ബാബുവും ഉണ്ടാകും. കോഴിക്കോട് സ്വദേശിനിയായ ആര്യനന്ദ തന്റെ ആലാപന ചാതുര്യം കൊണ്ട് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ്. കുഞ്ഞ ആര്യയുടെ വിശേഷങ്ങളും പാട്ടുകളുമൊക്കെയായി ആദ്യ എപ്പിസോഡിനേക്കാൾ ഗംഭീരമാവും രണ്ടാമത്തെ എപ്പിസോഡ് എന്നാണ് പിന്നണി പ്രവർത്തകർ പറയുന്നത്.
ശ്രീജിഷ്, അക്ബർ, ലിബിൻ, ശ്വേത, നന്ദ, ഭരത് എന്നിവരോടൊപ്പം സരിഗമപ കേരളത്തിന്റെ മെൻറ്റർമാരായിരുന്ന മിഥുൻ ജയരാജ്, കണ്ണൂർ ഷെരീഫ് അഷിമ മനോജ് എന്നിവരും ആര്യയോടൊപ്പം പങ്കെടുക്കും.മലയാളത്തിലെ പ്രധാനപ്പെട്ട അവതാരകരായ കല്ലുവിന്റേയും മാത്തുവിന്റേയും സാന്നിധ്യം കൊണ്ട് തന്നെ ‘ലെറ്റ്സ് റോക്ക് എൻ റോൾ’ പ്രേക്ഷക പ്രതീക്ഷകൾ ആവോളം ഉയർത്തിയിരുന്നു. പരിപാടിയുടെ ആദ്യ എപ്പിസോഡിൽ തന്നെ ആ പ്രതീക്ഷക്ക് ഒത്ത് ഉയരാൻ രണ്ടു പേർക്കും കഴിഞ്ഞു. മലയാളത്തിൽ ആദ്യമായി ഒരു പരിപാടിയിൽ വിദേശ അതിഥികളെ പങ്കെടുപ്പിക്കുന്ന ഷോ കൂടിയാണ് ‘ലെറ്റ്സ് റോക്ക് എൻ റോൾ’. ആദ്യ എപ്പിസോഡിൽ ഉക്രൈനിൽ നിന്നുള്ള ലെനയുടെ പ്രകടനവും കാണികളെ രസിപ്പിച്ചു.