അവയവദാനം നടത്തിയത് സ്‌റ്റേറ്റ് ഓതറൈസേഷന്‍ കമ്മിറ്റിയുടെ അനുമതിയോട് കൂടി; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആസ്റ്റര്‍ മെഡ്‌സിറ്റി
കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ രോഗിക്ക് തന്റെ ബന്ധു കരള്‍ ദാനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സനല്‍ കുമാര്‍ ഉന്നയിച്ച ആരോപണത്തിന് വിശദീകരണവുമായി ആശുപത്രി അധികൃതര്‍.
ജീവിച്ചിരിക്കുന്നവരുടെ അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്റ്റേറ്റ് ഓതറൈസേഷന്‍ കമ്മിറ്റിയുടെ അനുമതി ലഭിച്ചതിന് ശേഷമാണ് സനല്‍കുമാറിന്റെ ബന്ധുവായ സന്ധ്യ കരള്‍ ദാനം നടത്തിയതെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന സന്ധ്യയുടെ വാക്കുകള്‍ ഒപ്പമുണ്ടായിരുന്ന അമൃത ആശുപത്രിയില്‍ നേഴ്സായ അവരുടെ മകള്‍ പിന്താങ്ങുകയും ചെയ്തതാണ്.
അവയവദാനം നിയമപരമാണെന്ന് ഉറപ്പാക്കേണ്ട അന്തിമ തീരുമാനം സംസ്ഥാന ഓതറൈസേഷന്‍ കമ്മിറ്റിക്കാണ്. അവര്‍ അവയവദാനത്തിന് അനുമതി നല്‍കുന്നതിന് മുമ്പ് ദാതാവ്, അവരുടെ കുടുംബാംഗങ്ങള്‍, സ്വീകര്‍ത്താവ്, സ്വീകര്‍ത്താവ് അവശനാണെങ്കില്‍ അവരുടെ കുടംബാംഗങ്ങള്‍ എന്നിവരുമായി അഭിമുഖം നടത്തി ആവശ്യമായ സത്യവാങ്മൂലങ്ങള്‍ ശേഖരിച്ചതിന് ശേഷമാണ് അനുമതി നല്‍കുന്നത്. അഭിമുഖത്തിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിന് പുറമേ സന്ധ്യയുടെ സ്ഥലം എംഎല്‍എ, ഡിവൈഎസ്പി, വില്ലേജ് അംഗം എന്നിവരുടെ കത്തുകള്‍, കരള്‍ദാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടെന്നും അവയവദാനത്തിന് പകരമായി പണം സ്വീകരിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് അറിയാമെന്നും വ്യക്തമാക്കുന്ന ദാതാവിന്റെയും മകളുടെയും ബന്ധുവിന്റെയും സത്യവാങ്മൂലം, സ്‌കൂള്‍ പ്രധാനാധ്യാപികയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ജോലി ചെയ്യുന്ന സ്ഥലത്തെ മേലധികാരിയുടെ ടെലിഫോണിലൂടെയുള്ള സ്ഥിരീകരണം, അവയവമാറ്റ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ നിയമപരമായ രേഖകള്‍, ദാതാവുമായുള്ള അഭിമുഖത്തിന് ശേഷം സ്റ്റേറ്റ് ഓതറൈസേഷന്‍ കമ്മിറ്റിയുടെ അനുമതിപത്രം തുടങ്ങി എല്ലാ രേഖകളും കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് മുമ്പ് ശേഖരിച്ചിരുന്നു.
ആരോഗ്യവുമായി ബന്ധപ്പെട്ട ചോദ്യാവലി പൂരിപ്പിക്കല്‍, സാമൂഹ്യസേവകര്‍, ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍, സൈക്യാട്രിസ്റ്റ്, വൃക്കരോഗ വിദഗ്ധന്‍ എന്നിവരുമായുള്ള കൂടിക്കാഴ്ച, കുടുംബാംഗങ്ങളുമായുള്ള ഡോക്ടര്‍മാരുടെ കൂടിക്കാഴ്ച, ദാതാവിന്റെ രക്ത പരിശോധന, സിടി സ്‌കാന്‍, ഇക്കോ ടെസ്റ്റ്, ടിഎംടി, ലിവര്‍ ബയോപ്സി, പൂര്‍വകാല ആരോഗ്യരേഖകളുടെ പരിശോധന തുടങ്ങി അവയവദാനവുമായി ബന്ധപ്പെട്ട് നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് 2018 ഒക്ടോബര്‍ 29-ന് സന്ധ്യയുടെ ശസ്ത്രക്രിയ നടന്നത്.നവംബര്‍ 6-ന് ആശുപത്രി വിട്ടതിന് ശേഷം രണ്ട് തവണ തുടര്‍ പരിശോധനകള്‍ക്കായി എത്തിയ സന്ധ്യ പൂര്‍ണമായി സുഖം പ്രാപിച്ചിരുന്നു.
തന്നെ പലവിധത്തില്‍ മുമ്പ് സഹായിച്ചിട്ടുള്ള കൂട്ടുകാരിയെ തിരിച്ച് സഹായിക്കാനുള്ള അവസരമായാണ് കരള്‍ദാനത്തെ സന്ധ്യ കണ്ടത്. 45 വയസുകാരനായ കൂട്ടുകാരിയുടെ സഹോദരന്‍ ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് നാല് മാസമായി സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി പ്രകാരം കരളിനായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. കുടുംബാംഗങ്ങളില്‍ യോജിച്ച ദാതാവിനെ കണ്ടെത്താനായിരുന്നില്ല. ഇത് കേട്ടറിഞ്ഞാണ് കരള്‍ദാനത്തിന് സന്നദ്ധത അറിയിച്ച് 2018 സെപ്റ്റംബര്‍ 28-ന് അമൃത ആശുപത്രിയില്‍ നേഴ്സായ മകളോടൊപ്പം സന്ധ്യ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ എത്തിയത്. ഏക മകള്‍ മാത്രമായിരുന്ന സന്ധ്യയ്ക്ക് സഹായത്തിനായി അകന്ന ഒരു സഹോദരനും കൂടി ആശുപത്രിയില്‍ എത്തിയിരുന്നു.
തിരുവനന്തപുരത്ത് ഒരു ഹോസ്റ്റലില്‍ വാര്‍ഡനായി ജോലി ചെയ്യുകയായിരുന്ന സന്ധ്യ ഭര്‍ത്താവുമായി രണ്ട് വര്‍ഷം മുമ്പ് ബന്ധം വേര്‍പിരിഞ്ഞിരുന്നു. 2006-ല്‍ വൃക്കകള്‍ക്ക് ചെറിയ പ്രശ്നമുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തുമ്പോള്‍ യാതൊരു വിധ ചികിത്സയിലുമായിരുന്നില്ല. ഇത് കൂടാതെ നേരിയ തോതില്‍ ഹൈപ്പോതൈറോയ്ഡിസവും ഉണ്ടായിരുന്നു. നെഫ്രോളജിസ്റ്റിന്റെ പരിശോധനയില്‍ സന്ധ്യയുടെ വൃക്കകളുടെ പ്രവര്‍ത്തനം സാധാരണനിലയിലായിരുന്നു. എഫ് ബി പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് പോലെ അവര്‍ക്ക് യാതൊരുവിധ ഹൃദ്രോഗവും ഉണ്ടായിരുന്നില്ല. അവരില്‍ നടത്തിയ ഇക്കോ, സ്ട്രെസ്സ് ടെസ്റ്റുകള്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
കരള്‍ദാനത്തിന് സന്ധ്യ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന സനല്‍കുമാര്‍ ശശിധരന്റെ ആരോപണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്നും ഞങ്ങള്‍ അത്തരം ഒരു കാര്യത്തിലും ഭാഗഭാക്കായിരുന്നില്ലെന്നും വ്യക്തമാക്കുന്നു. ഇത്തരം ആരോപണങ്ങള്‍ അവയവദാനം എന്ന മഹത്തായ പ്രവര്‍ത്തിയെയാണ് പ്രതികൂലമായി ബാധിക്കുകയെന്നും ഇത് അവയവം കാത്ത് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന നിരവധി രോഗികളുടെ ജീവിതം ദുരിതത്തിലാക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. സന്ധ്യയുടെ കരള്‍ദാനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ അത് ദൂരീകരിക്കാന്‍ ഏത് അന്വേഷണത്തെയും ആസ്റ്റര്‍ മെഡ്സിറ്റി സ്വാഗതം ചെയ്യുമെന്നും അറിയിക്കുന്നു.
ആസ്റ്റര്‍ മെഡ്സിറ്റി സിഒഒ അമ്പിളി വിജയരാഘവന്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. ടി.ആര്‍. ജോണ്‍, കണ്‍സള്‍ട്ടന്റ് ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. മാത്യു ജേക്കബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.