• Breaking News

    പാടാന്‍ വിനീത് ശ്രീനിവാസന്‍ എത്തിയില്ല, പ്രതിസന്ധിയിലായി ഷാന്‍ റഹ്മാന്‍

    കൊച്ചി: സീ കേരളത്തിന്റെ പുതിയ ഷോ 'ലെറ്റസ് റോക്ക് ആന്റ് റോള്‍' ഈ നവംബര്‍ എട്ട്, ഞായറാഴ്ച വൈകുന്നേരം 9 മണിക്കാണ് ആദ്യ എപ്പിസോഡുമായി എത്തും. ജനപ്രിയ അവതാരകരായ കല്ലുവും മാത്തുവും ഒരിടവേളക്ക് ശേഷം വീണ്ടുമെത്തുന്ന ഈ റിയാലിറ്റി ഷോ ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഇടയില്‍ വലിയ പ്രതീക്ഷകള്‍ നിറച്ചിരിക്കുകയാണ്. രസകരമായ ഒരു മ്യൂസിക്കല്‍ ഷോയാണ്  'ലെറ്റസ് റോക്ക് ആന്റ് റോള്‍'. വിദേശ താരങ്ങള്‍ അടക്കം പലവിധ രസകരങ്ങളായ വിഭവങ്ങളുമായാണ് ഷോ എത്തുന്നത്.  'ലെറ്റസ് റോക്ക് ആന്റ് റോള്‍' പരിപാടിയുടെ നിരവധി പ്രോമോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടുകയുണ്ടായി.

    ഈ പുതിയ ഷോയ്ക്ക് ടൈറ്റില്‍ സോങ് ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ ഷാന്‍ റഹ്മാനാണ്. സീ കേരളം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്ന ഏറ്റവും പുതിയ പ്രോമോ വീഡിയോ ഈ ടൈറ്റില്‍ സോങ് ചിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ്. വിനീത് ശ്രീനിവാസന്‍ പാടാം എന്ന് ഉറപ്പിച്ചു പറഞ്ഞ ഗാനം, വിനീതിന് സമയത്തിന് റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഷാന്‍ റഹ്മാനില്‍ നിന്നാണ് പ്രോമോയുടെ കഥ തുടങ്ങുന്നത്. സമയത്തിന് സോങ് ചിട്ടപ്പെടുത്തിയെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ ഒക്കെ അകെ കൈവിട്ടു പോകുമെന്നും കല്ലുവും മാത്തുവും പറയുന്നുണ്ട്. ചര്‍ച്ച പുരോഗമിക്കുമ്പോള്‍ കല്ലൂ താന്‍ ഈ ഗാനം പാടാം എന്ന് പറയുന്നുണ്ടെങ്കിലും മാത്തു അത് സമ്മതിക്കുന്നില്ല. കാര്യങ്ങള്‍ ആകെ കുഴയുന്ന മട്ടാകുമ്പോഴാണ് ഷാനിനെ കാണാന്‍ സരിഗമപ താരം അശ്വിന്‍ വിജയന്റെ രംഗപ്രേവേശം. പാടാനൊരാളെ കിട്ടിയ ഷാന്‍ സന്തോഷവാനാകുന്നതോടെ കോമ്പോസിങ് കഥ അവസാനിക്കുന്നു.

    അശ്വിന്‍ വിജയന്‍ പാടിയ ആ അടിപൊളി പാട്ടാണ് 'ലെറ്റസ് റോക്ക് ആന്റ് റോള്‍' ടൈറ്റില്‍ സോങ്. പാട്ടിന് കൊഴുപ്പേകാന്‍ കല്ലുവും മാത്തുവും കോറസ് ഒരുക്കിയിട്ടുമുണ്ട്. എന്തായാലും ഒരു അടിപൊളി പരിപാടിയാകും  'ലെറ്റസ് റോക്ക് ആന്റ് റോള്‍' എന്ന് ഉറപ്പിക്കുന്നതാണ് ഏറ്റവും പുതിയ പ്രോമോ.