പ്രമേഹദിനത്തിൽ പഞ്ചസാരവണ്ടിയുമായി സരസ്വതി ഹോസ്പിറ്റൽ
പാറശാല: ലോക പ്രമേഹദിനമായ നവംബർ 14ന് തിരുവനന്തപുരം, പാറശാല കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന പ്രമേഹ ബോധവത്ക്കരണ പരിപാടിയായ പഞ്ചസാരവണ്ടിയുടെ ഫ്ളാഗ് ഒഫ് രാവിലെ 8ന് ശാസ്തമംഗലത്ത് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ നിനിർവ്വഹിച്ചു. പാറശാലയിൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്. അനിൽകുമാറും നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹനായ നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്. അനിൽകുമാറിന് സരസ്വതി കുടുംബത്തിന്റെ സ്നേഹോപകാരം ഡോ. എം.ജി. ബിന്ദു കൈമാറി. ബോധവത്ക്കരണത്തിന്റെ ഭാഗമായി സ്റ്റാഫംഗങ്ങളുടെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലിയും, ബൈക്ക് റാലിയും സംഘടിപ്പിച്ചു. രാവിലെ 10ന് ഓൺലൈനിലൂടെ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അശ്വതി തിരുനാൾ ഗൗരി ലക്ഷിബായി നിർവ്വഹിച്ചു.
സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായി. സരസ്വതി ഡയബറ്റിക് ഫൂട്ട് അറ്റാക്ക് റസ്ക്യൂ ടീം ഉദ്ഘാടനം, സരസ്വതി ഹസ്തം മൂന്നാം വാർഷികോദ്ഘാടനം, പ്രമേഹദിന സന്ദേശം കൈമാറൽ, സരസ്വതി അമ്മടീച്ചർ അനുസ്മരണം, വിവിധ സാമൂഹ്യ പദ്ധതികളുടെ ഉദ്ഘാടനം തുടങ്ങി വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. ലോക പ്രമേഹദിനത്തോടനുബന്ധിച്ച് രാവിലെ 10 മണി മുതൽ 1 മണിവരെ സൗജന്യ പ്രമേഹ, പ്രമേഹ പാദരോഗ നിർണയ ക്യാമ്പും, സൗജന്യ നേത്ര രോഗ നിർണയക്യാമ്പും സംഘടിപ്പിച്ചു.