ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി സത്യപ്രകാശ ജ്ഞാനതപസ്വി അന്തരിച്ചു
പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം പ്രസിഡന്റും ഗുരുധര്‍മ്മ പ്രകാശസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗവുമായ സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വി(72) അന്തരിച്ചു. രാത്രി 9.15ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചാണ് സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വി ഗുരുജ്യോതിയില്‍ ലയിച്ചത്. ചുമയും ശ്വാസതടസ്സവും ഉണ്ടായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 22-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശവസംസ്‌കാരച്ചടങ്ങുകള്‍ ബുധനാഴ്ച ഉച്ചയ്ക്കുശേഷം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടക്കും.
ബുധനാഴ്ച രാവിലെ മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തികച്ചും ലളിതമായ ജീവിതം നയിച്ചിരുന്ന ഇദ്ദേഹം കോട്ടയം കൂരോപ്പടയിലെ ഒരു പുരാതന ക്രിസ്ത്യന്‍ കുടുംബത്തില്‍ തോമസിന്റെയും അക്കാമ്മയുടെയും മകനായി 1948 മേയ് 26-നാണ് ജനിച്ചത്. കുഞ്ഞുമോന്‍ എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. ഒരു ജ്യേഷ്ഠസഹോദരനും രണ്ട് സഹോദരിമാരുമുണ്ട്.
പത്താം വയസ്സില്‍ മാതാപിതാക്കളോടൊപ്പം ആദ്യം കുമിളിയിലും പിന്നെ അമരാവതിയിലും താമസമാക്കി. അവിടെവച്ച് തയ്യല്‍ പഠിച്ചു. 1976-ല്‍ ആദ്യമായി ഗുരുവിനെ കണ്ടുമുട്ടി. പിന്നീടു ഗുരുവിന്റെ ശിഷ്യനായി. സന്ന്യാസിയായി വര്‍ഷങ്ങളോളം കേന്ദ്രാശ്രമത്തില്‍ കര്‍മം ചെയ്തു. അതിനുശേഷം കല്ലാര്‍(ഇടുക്കി), എറണാകുളം ആശ്രമങ്ങള്‍ കേന്ദ്രമാക്കി ആശ്രമത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.