പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം; കേരള സര്‍ക്കാരിന് അഭിനന്ദനവുമായി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരളാ സര്‍ക്കാരിനെ അഭിന്ദിച്ച് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് ആരിഫ് നസീം ഖാനും രംഗത്ത്. മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരും ഇത്തരത്തില്‍ പ്രമേയം പാസാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘കേരളാ സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അടക്കം എല്ലാ സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത് പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടണം’- ആരിഫ് നസീം ഖാന്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയ കേരള നിയസഭയുടെ നടപടി മാതൃകാപരമെന്ന് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ നേരത്തെ പറഞ്ഞിരുന്നു. പൗരത്വ നിയമഭേദഗതി റദ്ദാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് പ്രമേയം പാസ്സാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു സ്റ്റാലിന്‍ ട്വീറ്റ് ചെയ്തത്.

