മലയാള സിനിമയിലെ പല നടിമാരും അപ്രഖ്യാപിത വിലക്കിന് വിധേയർ; വെളിപ്പെടുത്തലുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്
സിനിമയിലെ പല നടിമാരും അപ്രഖ്യാപിത വിലക്കിന് വിധേയരായിട്ടുണ്ടെന്നും പ്രമുഖരായ പല നടിമാർക്കും ഇപ്പോഴും വിലക്കുണ്ടെന്നും ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്. മലയാള സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മീഷനെ. ജസ്റ്റിസ് ഹേമ കമ്മീഷൻ പഠന റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് നൽകി. റിപ്പോർട്ടിനൊപ്പം ഓഡിയോ വീഡിയോ പതിപ്പുകളും മറ്റു തെളിവുകളും സമർപ്പിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
സിനിമയിൽ ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും. ഈ ലോബികളാണ് പല നടീനടന്മാർക്കും എതിരെ അപ്രഖ്യാപിത വിലക്കുകൾ ഏർപ്പെടുത്തെന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമാ മേഖലയിലെ പരാതികൾ പരിഹരിക്കാൻ ട്രൈബ്യൂണൽ വേണമെന്ന് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. സിനിമയിൽ അവസരത്തിനായി കിടപ്പറ പങ്കിടാൻ നിർബന്ധിക്കാറുള്ളതായി പല നടിമാരും പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. സിനിമ ചിത്രീകരണത്തിനിടെ നടിമാർക്ക് പ്രഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ പോലും അപര്യാപ്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമയിലെ നിരവധി കലാകാരന്മാരുമായും സാങ്കേതിക പ്രവർത്തകരുമായും സമഗ്രമായ അന്വേഷണം നടത്തിയതിനു ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

