ഒന്ന് അഭിപ്രായ സ്വാതന്ത്ര്യം, മറ്റേത് സ്വന്തം വീട്ടില്‍ ചെന്നിരുന്ന് പറഞ്ഞാല്‍ മതിയെന്ന് ബഹളം: മുരളി ഗോപി
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച പൊന്നാനിയിലെ ആറ് വിദ്യാര്‍ത്ഥികളെ ജയിലിലടച്ച പിണറായി സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ജാമിയ വിദ്യാര്‍ത്ഥിനി ആയിഷ റെന്നക്കെതിരായ സിപിഎം പ്രവര്‍ത്തകരുടെ അധിക്ഷേപത്തെ വിമര്‍ശിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ആദ്യത്തേത് എതിരാളികള്‍ക്ക് നേരെയുള്ളതിനാല്‍ അഭിപ്രായ സ്വാതന്ത്ര്യവും രണ്ടാമത്തേത് തിരിച്ചാകയാല്‍ സ്വന്തം വീട്ടില്‍ ചെന്നിരുന്ന് പറഞ്ഞാല്‍ മതിയെന്ന ബഹളവും. ഇത് അസഹിഷ്ണുതയാണെന്ന് മുരളി ഗോപി പറയുന്നു.
അസഹിഷ്ണുത കൊണ്ട് അസഹിഷ്ണുതയെ എതിര്‍ക്കുക അനുകരണീയമല്ല എന്ന് മാത്രമല്ല അസാദ്ധ്യവും ആണെന്നും മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പൗരത്വ പ്രതിഷേധങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഡിസംബര്‍ 17-ന് സംഘടിപ്പിച്ച ഹര്‍ത്താലിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച യുവാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു സി.പി.എം പ്രവര്‍ത്തകര്‍ ആയിഷ റെന്നക്ക് നേരെ തിരിഞ്ഞത്.
ആയിഷ റെന്നയെ കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ ശ്രമിച്ച സിപിഎം നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

