• Breaking News

    ഫാത്തിമ ലത്തീഫ് കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു; കേസെടുത്തത് അസ്വാഭാവിക മരണത്തിന്

    CBI begins probe in Fatima Latif case Case for unnatural death,www.thekeralatimes.com


    ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പി.ജി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫീന്റെ കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു.

    ഡിസംബര്‍ 27 നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്.

    ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച അന്വേഷണം കോടതിയുടെ മേല്‍ നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്നറിയിച്ചിരുന്നു.

    ഇതോടനുബന്ധിച്ച് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജയ്സിങ്ങുമായി കൊച്ചിയില്‍ വെച്ച് ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

    നേരത്തെ ഫാത്തിമയുടെ കേസ് വിദഗ്ദ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഐ.ഐ.ടിയില്‍ നടന്ന മരണങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായി പുരോഗതിയുണ്ടായിരുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.

    നവംബര്‍ എട്ടിനാണ് ഫാത്തിമ ലത്തീഫ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് കാരണക്കാരായ അധ്യാപകരുടെ പേരും ചേര്‍ത്തായിരുന്നു ഫാത്തിമയുടെ ആത്മഹത്യകുറിപ്പ്.