• Breaking News

    'എന്റെ സുരക്ഷ വലിയ ചോദ്യമല്ല'; പൊലീസ് പ്രവര്‍ത്തിക്കുന്നത് യോഗിയുടെ 'പ്രതികാര' പരാമര്‍ശത്തിന്റെ പുറത്തെന്നും പ്രിയങ്കാ ഗാന്ധി

    'My security is not a big question'; Priyanka Gandhi has also said that the police are acting on Yogi's 'vengeance',www.thekeralatimes.com


    ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെയുണ്ടായ ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത്. പൊലീസ് നടപടിയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട പ്രിയങ്ക, ഇക്കാര്യം ഗവര്‍ണര്‍ക്ക് എഴുതുമെന്നു വ്യക്തമാക്കി.

    തന്റെ സുരക്ഷ ഒരു വലിയ ചോദ്യമല്ലെന്നും അതു ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും പ്രിയങ്ക പറഞ്ഞു.

    ‘ഈ രാജ്യത്തിന്റെ ആത്മാവില്‍ അക്രമത്തിനും പ്രതികാരത്തിനും വെറുപ്പിനും സ്ഥാനമില്ല. എന്റെ സുരക്ഷ ഒരു വലിയ ചോദ്യമല്ല. അതു ചര്‍ച്ച ചെയ്യേണ്ട കാര്യമേയില്ല. ഇന്നു നമ്മള്‍ സംസാരിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചാണ്,’ പ്രിയങ്ക പറഞ്ഞു.

    മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ‘പ്രതികാര’ പരാമര്‍ശത്തിന്റെ പുറത്താണ് സംസ്ഥാന ഭരണകൂടവും പൊലീസും പ്രവര്‍ത്തിക്കുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി ഇങ്ങനെ പറയുന്നതെന്നും ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു.

    ഭഗവാന്‍ എന്നു പറയുന്നതു നിങ്ങളുടേതല്ലെന്നും ഹിന്ദു മതത്തിന്റെ പ്രതീകമാണെന്നും യോഗിയോട് അവര്‍ പറഞ്ഞു. ഭഗവാന്‍ കൃഷ്ണന്‍ പ്രതികാരം ചെയ്യാന്‍ പറഞ്ഞിട്ടില്ല. അദ്ദേഹം കരുണയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും ദയയെക്കുറിച്ചുമാണു സംസാരിച്ചതെന്നും പ്രിയങ്ക പറഞ്ഞു.

    റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനായ എസ്.ആര്‍ ദാരാപുരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ പ്രിയങ്കയെ ലഖ്‌നൗ പൊലീസ് തടഞ്ഞത് ഏറെ വിവാദമായിരുന്നു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ കഴുത്തില്‍പ്പിടിച്ചു ഞെരിച്ചെന്ന് പ്രിയങ്ക ആരോപിച്ചത് ഏറെ വിവാദമായിരുന്നു.

    ‘ഞാന്‍ ദാരാപുരിജിയുടെ കുടുംബത്തെ കാണാന്‍ പോകുമ്പോള്‍ യു.പി പൊലീസ് എന്നെ തടഞ്ഞു. അവര്‍ എന്റെ കഴുത്തു ഞെരിച്ചു, കയ്യേറ്റം ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകന്റെ ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ അവര്‍ എന്നെ വളഞ്ഞു, അതിനുശേഷം ഞാന്‍ അവിടെയെത്താന്‍ നടന്നു,’ പ്രിയങ്ക ഗാന്ധിയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

    ‘ഞാന്‍ എന്തു പറയണം? അവര്‍ എന്നെ റോഡിനു നടുവില്‍ നിര്‍ത്തി. അവര്‍ക്ക് എന്നെ തടയാന്‍ ഒരു കാരണവുമില്ല. എന്തുകൊണ്ടാണ് അവര്‍ ഇതു ചെയ്തതെന്ന് ദൈവത്തിനു മാത്രമേ അറിയൂ,’ അവര്‍ പറഞ്ഞു.