• Breaking News

    'ഈ പോരാട്ടം ഇസ്‌ലാമിനോ ഹിന്ദുമതത്തിനോ വേണ്ടിയല്ല'; ഇസ്‌ലാമിക മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്ന ട്വീറ്റ് വിവാദമായപ്പോള്‍ വിശദീകരണവുമായി തരൂര്‍

    'This fight is not for Islam or Hinduism'; Tharoor clarified when he tweeted that he should not call out Islamic slogans,www.thekeralatimes.com


    തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ ഇസ്‌ലാമിക മുദ്രാവാക്യങ്ങള്‍ മുഴക്കരുതെന്ന തന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനം ശക്തമായതോടെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി രംഗത്ത്. പ്രതിഷേധം ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണെന്നും വിശ്വാസങ്ങള്‍ തമ്മിലുള്ളതല്ലെന്നും തരൂര്‍ വിശദീകരിച്ചു.

    ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. നമ്മളില്‍ അധികം പേര്‍ക്കും ഈ പോരാട്ടം ഇന്ത്യക്കു വേണ്ടിയാണ്, ഇസ്‌ലാമിനോ ഹിന്ദുമതത്തിനോ വേണ്ടിയല്ല എന്ന കാര്യം വ്യക്തമാക്കിയതാണ്.

    ഭരണഘടനാ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വേണ്ടിയുള്ളതാണിത്. ഇതു ബഹുസ്വരത സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. ഇത് ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണ്. വിശ്വാസങ്ങള്‍ തമ്മിലുള്ളതല്ല,’ എന്നദ്ദേഹം ട്വീറ്റ് ചെയ്തു.

    മുന്‍പ് അദ്ദേഹം ചെയ്ത മറ്റൊരു ട്വീറ്റായിരുന്നു വിവാദമായത്. ‘പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍.ആര്‍.സി) എതിരെ മുദ്രാവാക്യം മുഴക്കുന്ന നമ്മള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ സംരക്ഷിക്കാനാണു പോരാടുന്നത്.

    ഹിന്ദുത്വ തീവ്രവാദത്തിനെതിരെയുള്ള നമ്മുടെ പോരാട്ടം ഇസ്‌ലാമിക തീവ്രവാദത്തിനു സാന്ത്വനം നല്‍കുന്നതാവരുത്’ എന്ന ട്വീറ്റാണ് വിവാദമായിരുന്നത്.

    ഒപ്പം പ്രക്ഷോഭങ്ങള്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിക്കുമ്പോഴും ബാരിക്കേഡ് തീര്‍ക്കുമ്പോഴും കണ്ണീര്‍ വാതകം ഉപയോഗിക്കുമ്പോഴും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറയൂ’ എന്ന മുദ്രാവാക്യമടങ്ങിയ വീഡിയോ അദ്ദേഹം റീട്വീറ്റ് ചെയ്യുകയമുണ്ടായി. സംഭവം വിവാദമായതോടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.

    വിവാദ ട്വീറ്റിട്ട ശേഷം രണ്ടു മണിക്കൂറിനുള്ളില്‍ത്തന്നെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തുകയായിരുന്നു.