കാവി യോഗിക്ക് ചേരില്ല, ഈ നിറം ഹിന്ദുധര്‍മ്മത്തെ സൂചിപ്പിക്കുന്നത്; പ്രിയങ്ക ഗാന്ധി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കാവി ചേരില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യോഗി ധരിച്ചിരിക്കുന്ന വസ്ത്രത്തിലെ നിറം ഹിന്ദു ധര്‍മ്മത്തിന്റെ പ്രതീകമാണെന്നും പ്രിയങ്ക പറഞ്ഞു.
കാവി ധരിച്ചുകൊണ്ട് അക്രമത്തിനും ഹിംസയ്ക്കും നേതൃത്വം നല്‍കരുത്. ഇന്ത്യയുടെ ധാര്‍മികമൂല്യങ്ങളുടെ പ്രതീകമാണ് കാവി വസ്ത്രമെന്ന് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഓര്‍ക്കണമെന്ന് പ്രിയങ്ക പറഞ്ഞു.
‘കാവി നിറത്തിലുള്ള യോഗിയുടെ വസ്ത്രം അദ്ദേഹത്തിന് ഒട്ടും യോജിച്ചതല്ല. ഈ നിറം ഹിന്ദുധര്‍മ്മത്തെ സൂചിപ്പിക്കുന്നതാണ്. അത് പ്രതികാരത്തെയോ അക്രമത്തെയോ വിരോധത്തെ സൂചിപ്പിക്കുന്നതല്ല. യോഗി അത് പിന്തുടരണം’. പ്രിയങ്ക പറഞ്ഞു.
യുപിയില്‍ സംസ്ഥാന സര്‍ക്കാരും പൊലീസും അരാജകത്വം നടപ്പാക്കുകയാണ്. പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടി ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും കേസുകളുടെ നിജസ്ഥിതി ഹൈക്കോടതി ജഡ്ജ് അന്വേഷിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. തന്റെ സുരക്ഷയേക്കാള്‍ യുപിയുടെ സുരക്ഷയാണ് പ്രധാനപ്പെട്ടതെന്നും ലക്‌നൗവില്‍ പ്രിയങ്ക പ്രതികരിച്ചു.

