പ്രിയങ്കാ ഗാന്ധിയെ കൈയേറ്റം ചെയ്‌തെന്ന ആരോപണം തള്ളി യു.പി പൊലീസ്
യു.പിയിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കൈയേറ്റം ചെയ്തിട്ടില്ലെന്ന് യു.പി പൊലീസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മുന്‍ ഐപിഎസ് ഓഫീസര്‍ എസ്.ആര്‍.ദാരാപുരിയുടെ വീട്ടിലേക്കു പോകുന്നത് തടഞ്ഞ പൊലീസ് തന്നെ കൈയേറ്റം ചെയ്‌തെന്ന് പ്രിയങ്ക ശനിയാഴ്ച പറഞ്ഞിരുന്നു.
പൊലീസുകാര്‍ പ്രിയങ്കാ ഗാന്ധിയുടെ കഴുത്തില്‍ ചുറ്റിപ്പിടിച്ചെന്നും തള്ളിയിട്ടെന്നുമുള്ളതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച കാര്യങ്ങള്‍ സത്യമല്ലെന്നും തന്റെ കടമ മാത്രമാണ് ചെയ്തതെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയായ അര്‍ച്ചന സിംഗ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ജില്ലാ ഭരണകൂടത്തിനും നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞു.
ലക്‌നൗവിലെത്തിയ പ്രിയങ്ക നഗരത്തിലെ പാര്‍ട്ടി ആസ്ഥാനത്തു നിന്നു ഗോഖലെ മാര്‍ഗിലെ 23/2 കൗള്‍ ഹൗസിലേക്ക് പോകാനാണ് നിശ്ചയിച്ചിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനങ്ങളില്‍ പിന്തുടരുകയും ചെയ്തു. പെട്ടെന്ന് കാര്‍ മറ്റൊരു ദിശയിലേക്കു സഞ്ചരിച്ചപ്പോള്‍ അവര്‍ പോകാന്‍ ഉദ്ദേശിച്ച സ്ഥലത്തെ സുരക്ഷാ പ്രശ്‌നങ്ങള്‍ അവരെ ധരിപ്പിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ പ്രിയങ്കയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. പിന്നീട് പ്രിയങ്ക കാറില്‍ നിന്നിറങ്ങി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നടക്കാന്‍ തുടങ്ങി. വിഐപികള്‍ നേരത്തെ നിശ്ചയിച്ച യാത്രകളില്‍ മാറ്റം വരുത്തിയാല്‍ ട്രാഫിക് പ്രശ്‌നങ്ങള്‍ ഉണ്ടാകും’- അര്‍ച്ചന മാധ്യമങ്ങളോടു പറഞ്ഞു.
എന്നാല്‍ നഗരത്തിലെ ക്രമസമാധാനം പരിപാലിക്കാനാണ് പൊലീസ് തടഞ്ഞതെന്നുള്ള വാദം പ്രിയങ്ക നിരസിച്ചിരുന്നു. താന്‍ സമാധാനപരമായി നടത്തുന്ന യാത്ര എങ്ങനെയാണ് ക്രമസമാധാനത്തെ ബാധിക്കുന്നതെന്നാണ് പ്രിയങ്ക ചോദിച്ചത്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കു പോയപ്പോഴാണ് പ്രിയങ്ക ഗാന്ധിയെ പൊലീസ് വഴിയില്‍ തടഞ്ഞത്.
ഇതോടെ കാറില്‍ നിന്നിറങ്ങി നടന്ന പ്രിയങ്ക പാര്‍ട്ടി പ്രവര്‍ത്തകനൊപ്പം സ്‌കൂട്ടറില്‍ പോയെങ്കിലും പൊലീസ് പിന്തുടര്‍ന്നു. പൊലീസ് തന്നെ കൈയേറ്റം ചെയ്‌തെന്നും കഴുത്തിനു പിടിച്ചു തള്ളിയെന്നും പിന്നീട് പ്രിയങ്ക മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

