ഗോൾഡൻ കായലോരവും തകർന്നടിഞ്ഞു; രണ്ടാം ദിന ഉദ്യമവും വിജയകരം
തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഗോൾഡൻ കായലോരവും തകർത്തു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഫ്‌ളാറ്റ് തകർക്കലിനുള്ള സമയം നിശ്ചയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സമയം വൈകുകയായിരുന്നു.
ഇന്ന് രാവിലെ 11.03നാണ് ജെയിൻ കോറൽ കോവ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തത്. വെറും അഞ്ച് സെക്കൻഡ് മാത്രമെടുത്താണ് ഫ്‌ളാറ്റ് നിലംപതിച്ചത്.
10.30ന് ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുമ്പുള്ള ആദ്യ സൈറൺ മുഴങ്ങിയിരുന്നു. പിന്നീട് 10.59ന് രണ്ടാം സൈറണും മുഴങ്ങി. മൂന്നാം സൈറൺ മുഴങ്ങിയുടൻ ഫ്‌ളാറ്റ് നിലം പൊത്തി. ഹോളി ഫെയ്ത്ത് എച്ച്ടുഒയും ആൽഫാ സെറീനും പൊളിക്കുന്നതിന് മുൻപ് സ്വീകരിച്ച അതേ സുരക്ഷ ക്രമീകരണങ്ങൾ തന്നെയാണ് ഇന്നും സ്വീകരിച്ചത്.
രണ്ട് ഫ്‌ളാറ്റുകളും സ്ഥിതി ചെയ്യുന്നത് കാര്യമായ ജനവാസമുള്ള സ്ഥലത്തല്ലാത്തത് കൊണ്ട് ഇന്നലത്തെ അത്രയും വലിയ വെല്ലുവിളികൾ ഇന്നില്ല. രാവിലെ എട്ട് മുതൽ വൈകുന്നേരം നാല് വരെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.