• Breaking News

    വിക്ടോറിയ മെമ്മോറിയല്‍ റാണി ലക്ഷ്മി ഭായിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്ന് ബി.ജെ.പി

    BJP wants renamed Victoria Memorial Rani Lakshmi Bhai,www.thekeralatimes.com


    കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയല്‍ റാണി ലക്ഷ്മി ഭായിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.കൊല്‍ക്കത്ത തുറമുഖം ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്തതിനു പിന്നാലെയാണ് ബി.ജെ.പി ഈയൊരു ആവശ്യവുമായി രംഗത്തുവന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത തുറമുഖം ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖം എന്ന് പുനര്‍നാമകരണം ചെയ്ത് പ്രധാനമന്ത്രി ഞായറാഴ്ച പ്രഖ്യാപനം നടത്തിയിരുന്നു.

    90 കൊല്ലം ഇന്ത്യയെ ചൂഷണം ചെയ്ത വിക്ടോറിയ രാജ്ഞിയുടെ പേരിലല്ല, സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി മരിച്ച ഝാന്‍സി റാണി ലക്ഷ്മി ഭായിയുടെ പേരിലാണ് വിക്ടോറിയ മെമ്മോറിയല്‍ അറിയപ്പെടേണ്ടതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. ചരിത്ര പ്രസിദ്ധമായ വിക്ടോറിയ മെമ്മോറിയല്‍ റാണി ജാന്‍സി സ്മാരക് മഹല്‍ എന്ന പേരിലാക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

    ബംഗാളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി പോര്‍ട്ട് ട്രസ്റ്റിന്റെ നൂറ്റമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് കൊല്‍ക്കത്ത തുറമുഖം പുനര്‍നാമകരണം ചെയ്യുന്നതായി പ്രഖ്യാപിച്ചത്