രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയരുന്നു; ആറു വര്‍ഷത്തെ ഏറ്റവും ഉയര്‍ച്ചയില്‍
രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കി ചില്ലറ വ്യാപാര മേഖലയിലെ പണപ്പെരുപ്പം കുത്തനെ ഉയരുന്നു. ഡിസംബറില്‍ 7.35 ശതമാനത്തിലേക്കാണ് ചില്ലറ വ്യാപാര പണപ്പെരുപ്പം ഉയര്‍ന്നത്. നവംബറിലുണ്ടായിരുന്ന 5.54 ശതമാനത്തില്‍ നിന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധി ലക്ഷ്യവും മറികടന്ന് 7.35 ലേക്കെത്തിയത്.
2014- ജൂലായ്ക്ക് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്. 7.39 ശതമാനമായിരുന്നു 2014 ജൂലായിലുണ്ടായിരുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടന വളര്‍ച്ചാ മന്ദഗതി നേരിടുന്നതിനിടയിലാണിത്.
പച്ചക്കറി ഉള്‍പ്പടെയുള്ള ഭക്ഷ്യോത്പന്നങ്ങളുടെ വിലവര്‍ധനാണ് പണപ്പെരുപ്പത്തിന് കാരണം. നാഷണല്‍ സ്റ്റാസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം നവംബറിലുണ്ടായിരുന്ന 10.01 ശതമാനത്തില്‍ നിന്ന് 14.12 ശതമാനത്തിലേക്ക് ഉയര്‍ന്നു. പച്ചക്കറി വിലക്കയറ്റം 36 ശതമാനത്തില്‍ നിന്ന് 60.5 ശതമാനമായും ഉയര്‍ന്നു.
നവംബര്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളില്‍ പണപ്പെരുപ്പം ആറു ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യ സാധനങ്ങളുടെ പണപ്പെരുപ്പം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിലയിലാണ് തുടരുന്നത്.
ലക്ഷദീപ്, ത്രിപുര, ഒഡിഷ, ഉത്തര്‍പ്രദേശ്, കേരളം, മധ്യപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട്, രാജസ്ഥാന്‍, മണിപ്പൂര്‍, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഉപഭോക്തൃ സൂചികയിലെ പണപ്പെരുപ്പമാണ് ഉയര്‍ന്ന തോതില്‍ തുടരുന്നത്. നവംബര്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം ചില്ലറ വ്യാപാര മേഖലയിലെ പണപ്പെരുപ്പം ഒഡിഷയില്‍ 7.2 ശതമാനമായി വര്‍ധിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നവംബര്‍ മാസത്തില്‍ ഇത് 3.35 ശതമാനമായിരുന്നു. ഒരു വര്‍ഷത്തിനിടെ നാല് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒഡിഷയിലെ ഗ്രാമീണ മേഖലയിലാണ് കൂടുതല്‍ പണപ്പെരുപ്പം രേഖപ്പെടുത്തിയത്. ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 4.76 ശതമാനം വര്‍ധിച്ചു. നഗര മേഖലയില്‍ 1.54 ശതമാനം പോയിന്റുകളാണ് വര്‍ധിച്ചത്.
ലക്ഷദ്വീപില്‍ ഇത് 10.25 ശതമാനമായി ഉയര്‍ന്നു. ഒക്ടോബര്‍ മാസത്തില്‍ 7.76 ശതമാനമായിരുന്നു. ത്രിപുരയില്‍ 7.54 ശതമാനമായി വര്‍ധിച്ചു. മണിപ്പൂരില്‍ ഇത് 7.9 ശതമാനമാണ്. ദേശീയ തലത്തില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ മേഖലയില്‍ പണപ്പെരുപ്പം 10.1 ശതമാനമായി ഉയര്‍ന്നു. ഒക്ടോബര്‍ മാസത്തില്‍ ഇത് 7.89 ശതമാനമായിരുന്നു. പച്ചക്കറികള്‍, ഉള്ളി എന്നിവയുടെ വിലക്കയറ്റമാണ് ഇതിനുള്ള മുഖ്യകാരണമെന്ന് കമ്പോള വിദഗ്ധര്‍ വിലയിരുത്തുന്നു.

