പ്രതിഷേധങ്ങള്‍ക്ക് മറുപടി പറയൂ, വിദ്യാര്‍ത്ഥികളോട് സംവദിക്കൂ; പ്രധാമന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
പൗരത്വ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്ത്. യുവാക്കളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടെങ്കില്‍ സര്‍വകലാശാല വിദ്യാര്‍ഥികളോട് സംവദിക്കാന്‍ തയാറാകണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇതേ സമയം എന്‍.പി.ആര്‍ നടപടികള്‍ ബഹിഷ്‌ക്കരിക്കാന്‍ കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തിന്റെ ആഹ്വാനം ചെയ്തു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറിച്ചുവെക്കാന്‍ മോദിയും അമിത് ഷയും ചേര്‍ന്ന് വിഭജന രാഷ്ട്രീയം കളിക്കുകയാണെന്ന് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. ദേശീയ ജനസംഖ്യ റജിസ്റ്റര്‍ പൗരത്വ റജിസ്റ്ററിന് മുന്നോടിയായാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സോണിയ ആരോപിച്ചു. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും പോലീസ് പക്ഷാപാതപരവും ക്രൂരവുമായിട്ടാണ് പ്രതിഷേധക്കാരെ നേരിട്ടത്. മോദിയും അമിത് ഷായും ചേര്‍ന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രസ്താവനകളില്‍ അവര്‍ ഉറച്ച് നില്‍ക്കുന്നില്ല. പ്രതിഷേധക്കാരെ അവഗണിച്ച്‌ക്കൊണ്ട് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു.
യോഗത്തില്‍ 20 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. എന്നാല്‍ ഡിഎംകെയും ആംആദ്മി പാര്‍ട്ടിയും ബിഎസ്പിയും ശിവസേനയും തൃണമൂല്‍കോണ്‍ഗ്രസും വിട്ടുനിന്നു.

