• Breaking News

    കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ചൈനീസ് ഡോക്ടര്‍ മരിച്ചു: 1287 പേര്‍ക്ക് രോഗബാധ; യൂറോപ്പിലേക്കും പടരുന്നു

    Chinese doctor treating coronavirus death: 1287 infected And spread to Europe,www.thekeralatimes.com


    ചെെനയില്‍ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ഡോക്ടര്‍ മരിച്ചു. വുഹാനില്‍ ചികിത്സ ഏകോപിപ്പിച്ച ലിയാങ് വുഡോങ് ആണ് മരിച്ചത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 57 പേര്‍ വുഹാന്‍ പ്രവിശ്യയില്‍ ഗുരുതരാവസ്ഥയിലാണ്. ഇതോടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 42 ആയി. 1287 പേര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളതായി ചൈനീസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇതില്‍ 237 പേരുടെ നില അതീവ ഗുരുതരമാണ്.

    വൈറസ് ബാധ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ വന്‍മതിലിന്റെ ബാഡാലിങ് ഭാഗവും ഷാങ്ഹായിലെ ഡിസ്നിലാന്‍ഡും അനിശ്ചിതകാലത്തേക്ക് അടച്ചു. ചൈനീസ് പുതുവത്സരപ്പിറവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ പലതും സര്‍ക്കാര്‍ റദ്ദു ചെയ്തു. അതേസമയം രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വുഹാന്‍ നഗരത്തില്‍ രോഗം ബാധിച്ച 1000 പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രി ചൈനീസ് സര്‍ക്കാര്‍ പണിയുകയാണ്.

    ഇതിനിടെ വൈറസ് യൂറോപ്പിലേക്കും പടരുന്നതിന്റെ സൂചന നല്‍കി ഫ്രാന്‍സില്‍ മൂന്ന് പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങള്‍ അടച്ചതായി ചൈനീസ് അധികൃതര്‍ പറഞ്ഞു. ആദ്യം റിപ്പോര്‍ട്ട് ചെയ്ത  വുഹാന്‍, ഹുവാങ്ഗാങ്, ഉജൗ, ചിബി, ഷിയാന്താവോ, ക്വിയാന്‍ജിയാങ്, ഷിജിയാങ്, ലിഷുവാന്‍, ജിങ്ജൗ, ഹുവാങ്ഷി തുടങ്ങിയയിടങ്ങളിലാണ് നിയന്ത്രണം. നാലുകോടിയോളം പേരാണ് ഈ നഗരങ്ങളില്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നത്.