വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ല, വി.സി രാജിവയ്ക്കും വരെ സമരം തുടരുമെന്ന് ജെ.എന്‍.യു വിദ്യാര്‍ഥികള്‍
വി.സി രാജിവക്കും വരെ സമരം തുടരുമെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍. എ.ബി.വി.പി അക്രമ സംഭവങ്ങളില്‍ പൊലീസ് നടത്തുന്നത് അജണ്ട യോടെയുള്ള രാഷ്ട്രീയ അന്വേഷണമാണെന്നും ജെ.എന്‍.യു.എസ്.യു വിമര്‍ശിച്ചു.
എം.എച്ച്.ആര്‍.ഡിയുമായുള്ള ചര്‍ച്ചയിലും ഇതു തന്നെയാണ് വിദ്യാര്‍ത്ഥികള്‍ ആവര്‍ത്തിച്ചത്. ഒരു ഉറപ്പും ഇക്കാര്യങ്ങളില്‍ രേഖാമൂലം നല്‍കാന്‍ എം.എച്ച്.ആര്‍.ഡി തയ്യാറായിട്ടില്ല. അതേസമയം ആറാം ദിവസത്തിലേക്ക് കടന്നിട്ടും എ.ബി.വി.പി ആക്രമണത്തില്‍ ഒരാളെ പോലും പോലീസ് പിടികൂടിയിട്ടില്ല.
മാത്രമല്ല അക്രമങ്ങള്‍ക്ക് പിന്നില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഐഷി ഘോഷും പ്രതിഷേധക്കാരും ആണെന്ന് ഒമ്പത് ചിത്രങ്ങളും വിവരങ്ങളും പുറത്ത് വിട്ട് പൊലീസ് പറയുന്നു. പൊലീസ് സംസാരിക്കുന്നത് വി.സി യുടെ ശബ്ദമാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പൊലീസിന്റെ പ്രസ്താവന ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ അന്വേഷണമാണ് എന്നതിന് തെളിവാണ്.
ഇടതുപക്ഷ വിദ്യാര്‍ത്ഥികളെ ആക്രമണ കേസുകളില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. എ.ബി.വി.പിയും സ്റ്റേറ്റ് മെഷിനറികളും തമ്മിലുള്ള ലജ്ജാകരമായ കൂട്ടുകെട്ടിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത് എന്നും വിദ്യാര്‍ത്ഥി യൂണിയന്‍ വിമര്‍ശിച്ചു. അതിനാല്‍ ഈ വിഷയത്തില്‍ പിന്തുണയ്ക്കുന്ന എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി പ്രതിഷേധം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

