ഫ്‌ളാറ്റ് പൊളിയ്ക്കല്‍ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : ഫ്‌ളാറ്റുകള്‍ക്ക് മുന്നില്‍ ‘പൂജ’
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ സ്‌ഫോടനത്തില്‍ തകര്‍ക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്‌ലാറ്റും ആല്‍ഫ സെറീന്‍ ഇരട്ട ഫ്‌ലാറ്റുകളും പൊളിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. ഒന്‍പത് മണിക്കുള്ളില്‍ ഫ്‌ലാറ്റിന് ചുറ്റും നിയന്ത്രിത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുമെന്നും പത്തരയോടെ ഗതാഗതം നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എച്ച്2ഒ ഫ്‌ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി ഫ്‌ലാറ്റിന് മുന്നില്‍ പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
ആല്‍ഫാ സെറീന് ചുറ്റുമുള്ള ജനങ്ങളെ ഒഴിപ്പിക്കാനായി പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അല്‍പ്പസമയത്തിനകം ഇവര്‍ വീടുകളില്‍ കയറി പരിശോധന നടത്തും. ആളുകളെ മാറ്റാനായി ബസുകള്‍ എര്‍പ്പാട് ചെയ്തിട്ടുണ്ട്. സ്‌ഫോടനം നടക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനം അളക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ചെന്നൈ ഐഐടിയില്‍ നിന്നുള്ളവര്‍ പറഞ്ഞു. 200 മീറ്റര്‍ ചുറ്റളവില്‍ 10 ആക്‌സിലറോമീറ്ററുകളും 21 ജിയോ ഫോണുകളും സ്ഥാപിച്ചു തുടങ്ങി.
രാവിലെ ആല്‍ഫ സെറീനില്‍ ഉദ്യോഗസ്ഥരെത്തി അന്തിമ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഡെറ്റനേറ്റര്‍ കേബിളുകളിലേക്കുള്ള കണകഷന്‍ നല്‍കുന്നതിനായാണ് ഇവര്‍ എത്തിയത്. വിജയ സ്റ്റീല്‍സ് ഉദ്യോഗസ്ഥരാണ് ഇവര്‍. മരട് നഗര സഭ ഓഫീസില്‍ ക്രമീകരിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ നിന്നായിരിക്കും ഇന്നത്തെ സ്‌ഫോടനം നിയന്ത്രിക്കുക. ഇതിന്റെ ഒരുക്കങ്ങള്‍ മരട് നഗരസഭയിലും സജ്ജീകരിച്ചിട്ടുണ്ട്.
തീരപരിപാലന നിയമം ലംഘിച്ച് പണിതതിനാലാണ് മരടിലെ ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. രാവിലെ 11മണിക്ക് ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഫ്‌ലാറ്റാണ് ആദ്യം പൊളിക്കുന്നത്. അരമണിക്കൂറിനുള്ളില്‍ രണ്ടാമത്തെ ഫ്‌ലാറ്റ് സമുച്ചയമായ ആല്‍ഫ സറീനും പൊളിക്കും

