പാകിസ്ഥാന്‍, ബംഗ്ലാദേശ് മുസ്ലീങ്ങളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്ന് ശിവസേന
പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്ന് ശിവസേന.പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് ശിവസേന ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസും എന്‍.സി.പിയും ഉയര്‍ത്തിയ നിലപാടിന് വിരുദ്ധമാണ് ശിവസേനയുടെ സമീപനം.അതേസമയം പൗരത്വ നിയമ ഭേദഗതിയില്‍ ഒരുപാട് പഴുതുകളുണ്ടെന്നും സാമ്‌നയിലെ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.
‘പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും മുസ്ലീങ്ങളെ നാട്ടില്‍ നിന്ന് പുറത്താക്കണമെന്നതില്‍ സംശയമില്ല. ശിവസേന എല്ലായ്‌പ്പോഴും ഹിന്ദുത്വത്തിനായി പോരാടിയിട്ടുണ്ട്, എന്നാല്‍ പൗരത്വ നിയമ ഭേദഗതിക്ക് നിരവധി പഴുതുകളുണ്ട്, ”പാര്‍ട്ടി എഡിറ്റോറിയല്‍ മുഖപത്രമായ സമനയില്‍ പറയുന്നു.
പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള മുസ്ലീങ്ങളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് റാലി നടത്തുമെന്ന് രാജ്താക്കറെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന നിലപാട് കടുപ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ (എംഎന്‍എസ്) പതാകയുടെ നിറം മാറ്റിയതിനേയും ഹിന്ദുത്വത്തിലേക്ക് അവരുടെ ശ്രദ്ധയൂന്നിയതിനെയും സാമ്‌നയില്‍ രാജ് താക്കറെയെതിരെ ആഞ്ഞടിച്ചിട്ടുണ്ട്.
‘ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മുസ്ലീംകളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, അങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് കൊടിയുടെ നിറം മാറ്റേണ്ടി വന്നു. അത് രസകരമായ കാര്യമാണ്. ശിവസേന ഒരിക്കലും അതിന്റെ കൊടി മാറ്റിയിട്ടില്ല. അതെന്നും കാവിനിറത്തിലുള്ളതു തന്നെയായിരിക്കും.സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.
പതിനാലു വര്‍ഷം മുമ്പ്, രാജ് താക്കറെ മറാത്തി പ്രത്യയശാസ്ത്രത്തിലൂന്നി ഒരു പാര്‍ട്ടി രൂപീകരിച്ചു, പക്ഷേ ഇപ്പോള്‍ അത് അതിന്റെ പാത ഹിന്ദുത്വത്തിലേക്ക് മാറ്റിയിരിക്കുന്നു. ബി.ജെ.പിയുമായി അടുത്താലും അവരുടെ കയ്യില്‍ നിന്ന് രാജ്താക്കറെയ്ക്ക് ഒന്നും നേടാന്‍ സാധിക്കില്ലെന്ന് സാമ്‌നയില്‍ പറയുന്നു.വോട്ടുകള്‍ക്കായി പൗരത്വ നിയമ ഭേദഗതയുടെ കാര്യത്തില്‍ രാജ്താക്കറെ നിലപാട് മാറ്റിയതായും സാമ്‌നയില്‍ ശിവസേന ആരോപിക്കുന്നു.
ഏതാനും ആഴ്ചകള്‍ക്കുമുമ്പ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത അതേ രാജ് താക്കറെയായിരുന്നു, ഇപ്പോള്‍ വോട്ടുകള്‍ക്കായി നിറം മാറുന്നത്. എന്നാല്‍ ഇതിലൂടെ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാന്‍ ബിജെപി ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണ്.അതേസമയം പൗരത്വ നിയമ ഭേദഗതി മുസ്ലിങ്ങളെ മാത്രമല്ല, 30 മുതല്‍ 40 ശതമാനം വരെയുള്ള ഹിന്ദുക്കളെയും ബാധിക്കുമെന്നും സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.