• Breaking News

    പ്രതിസന്ധികള്‍ മറച്ചുവെയ്ക്കാന്‍ മോദിയും അമിത് ഷായും വിഭജന രാഷ്ട്രീയം കളിക്കുന്നു; സോണിയ

    Modi and Amit Shah play divisive politics to hide crises; Sonia,www.thekeralatimes.com


    കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറിച്ചുവെക്കാന്‍ മോദിയും അമിത് ഷയും ചേര്‍ന്ന് വിഭജന രാഷ്ട്രീയം കളിക്കുകയാണെന്ന് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.

    ദേശീയ ജനസംഖ്യ റജിസ്റ്റര്‍ പൗരത്വ റജിസ്റ്ററിന് മുന്നോടിയായാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സോണിയ ആരോപിച്ചു. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും പോലീസ് പക്ഷാപാതപരവും ക്രൂരവുമായിട്ടാണ് പ്രതിഷേധക്കാരെ നേരിട്ടത്. മോദിയും അമിത് ഷായും ചേര്‍ന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രസ്താവനകളില്‍ അവര്‍ ഉറച്ച് നില്‍ക്കുന്നില്ല. പ്രതിഷേധക്കാരെ അവഗണിച്ച്ക്കൊണ്ട് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു.

    യോഗത്തില്‍ 20 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. എന്നാല്‍ ഡിഎംകെയും ആംആദ്മി പാര്‍ട്ടിയും ബിഎസ്പിയും ശിവസേനയും തൃണമൂല്‍കോണ്‍ഗ്രസും വിട്ടുനിന്നു.

    ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് ആംആദ്മി പാര്‍ട്ടിക്കുള്ളത്. കഴിഞ്ഞ ആഴ്ച്ച നടന്ന അഖിലേന്ത്യ പണിമുടക്കിനിടെ ഇടതുപാര്‍ട്ടികളുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതാണ് മമത ബാനര്‍ജി വിട്ടുനില്‍ക്കാന്‍ കാരണം.