എടിഎം ആണെന്ന് കരുതി പാസ്ബുക്ക് പ്രിന്‍റിങ് മെഷീന്‍ പൊളിച്ചു കൊണ്ടുപോയി മോഷ്ടാവ്
കൊല്‍ക്കത്ത: എടിഎം ആണെന്ന് കരുതി പാസ്ബുക്ക് പ്രിന്‍റിങ് മെഷീന്‍ പൊളിച്ചു കൊണ്ടുപോയി അമളി പിണഞ്ഞ് മോഷ്ടാവ്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. സ്വകാര്യ ബാങ്കിലെ പാസ്ബുക്ക് പ്രിന്‍റിങ് മെഷീന്‍ കാണാനില്ലെന്ന് ബാങ്ക് അധികൃതരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്.
വ്യാഴാഴ്ച രാവിലെയാണ് കൗണ്ടറില്‍ എടിഎമ്മിന് സമീപമുള്ള പ്രിന്‍റിങ് മെഷീന്‍ കാണാതെ പോയത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
രാജ് സര്‍ദാര്‍ എന്നയാളാണ് മോഷണത്തില്‍ അറസ്റ്റിലായത്. ഇയാളുടെ വീടിന്‍റെ പിന്‍വശത്ത് നിന്ന് പാസ്ബുക്ക് പ്രിന്‍റിങ് മെഷീന്‍ പൊലീസ് കണ്ടെടുത്തു. വ്യാഴാഴ്ച രണ്ടരയോടെയാണ് രാജ് സര്‍ദാര്‍ മെഷീന്‍ പൊളിച്ചു കൊണ്ടുപോയത്.
എടിഎം ആണെന്ന് കരുതിയാണ് പാസ്ബുക്ക് പ്രിന്‍റിങ് മെഷീന്‍ മോഷ്ടിച്ചതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി.

