• Breaking News

    ശബരിമല യുവതീ പ്രവേശം: ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

    Sabarimala youth entry: petitions today,www.thekeralatimes.com


    ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ജികളിലെ വാദം സുപ്രീം കോടതിയില്‍ ഇന്ന് മുതല്‍ ആരംഭിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ നേതൃത്വം നല്‍കുന്ന ഒന്‍പതംഗ വിശാല ഭരണഘടനാ ബെഞ്ചാണു വാദം കേള്‍ക്കുക. കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഉന്നയിച്ച പൊതുവായ നിയമ പ്രശ്‌നങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക.

    രാവിലെ 10.30നാണ് സുപ്രധാനമായ കേസില്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നത്. എഴ് വിഷയങ്ങളാണ് പരിശോധനനയ്ക്കായി ഭരണഘടനാ ബെഞ്ച് വിട്ടത്. ആചാരങ്ങള്‍ മതത്തിന്റെ/വിഭാഗത്തിന്റെ ഒഴിച്ചുകൂടാനാകാത്ത രീതിയാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം? അത് മതമേധാവിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കേണ്ടതാണോ എന്നുള്ളതാണ് ഇതില്‍ ഏറ്റവും പ്രധാനം.

    അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമേ, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഢ്, റോഹിന്‍ടണ്‍ നരിമാന്‍, ഇന്ദുമല്‍ഹോത്ര എന്നിവരാണ് ശബരിമല യുവതീപ്രവേശനഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗഭരണഘടനാ ബഞ്ചിലുണ്ടായിരുന്നത്. ഒന്നിനെതിരെ നാല് എന്ന തരത്തില്‍ ഭൂരിപക്ഷം ന്യായാധിപരും ശബരിമലയില്‍ യുവതീപ്രവേശനമാകാമെന്നും ആരാധനയ്ക്ക് തുല്യാവകാശമുണ്ടെന്നും വിധിച്ചു. 2018 സെപ്റ്റംബര്‍ 28-നായിരുന്നു ഈ ചരിത്രവിധി.

    എന്നാല്‍ ഇതിനെതിരെ 56 പുനഃപരിശോധനാഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്. തുടര്‍ന്ന്, പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പുനഃപരിശോധനാഹര്‍ജികളെല്ലാം തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ തീരുമാനിച്ചു. ബന്ധപ്പെട്ടവരുടെ വാദം കേട്ട ചീഫ് ജസ്റ്റിസ് വിധി പുനഃപരിശോധിക്കാന്‍ തീരുമാനിച്ചു. പിന്നീട് എത്തിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, കേസ് വിശാലബഞ്ചിന്റെ പരിഗണനയ്ക്ക് വിടാനാണ് തീരുമാനിച്ചത്. ഇതിനിടെ മല കയറാന്‍ സുരക്ഷ തേടി എത്തിയ ബിന്ദു അമ്മിണിക്കും, രഹ്ന ഫാത്തിമയ്ക്കും സുരക്ഷ നല്‍കാനുള്ള ഉത്തരവ് നല്‍കാന്‍ കോടതി വിസമ്മതിക്കുകയും ചെയ്തു.

    സുപ്രീം കോടതി ഇന്നലെ പുറത്തിറക്കിയ കേസ് ലിസ്റ്റ് പ്രകാരം ചൊവ്വാഴ്ചയും ഭരണഘടനാ ബെഞ്ച് ഇരിക്കും എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഒന്‍പതംഗ ബെഞ്ചിലെ ജസ്റ്റിസ് ആര്‍ ഭാനുമതി ജൂലൈ 19 ന് വിരമിക്കും. അതിനാല്‍ ഇപ്പോള്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചാല്‍ ജൂലൈ 19 ന് മുമ്പ് കേസില്‍ വിധി ഉണ്ടായേക്കും.