”ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കാനുള്ള പൗരന്റെ അവകാശം ആവിഷ്‌കാരസ്വാതന്ത്ര്യം”; കശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി
ജമ്മു കശ്മീരിൽ സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്കും നിരോധനാജ്ഞയും പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. ഇന്റര്‍നെറ്റ് സേവനം ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള ഭരണഘടനാ അവകാശത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഓരോ ഏഴ് ദിവസവും നിയന്ത്രണ തീരുമാനങ്ങൾ പുനഃപരിശോധികകണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന നിയന്ത്രണങ്ങളെ പാടുകയുള്ളൂ. എതിരഭിപ്രായങ്ങള്‍ തടയാന്‍ നിരോധനാജ്ഞ പാടില്ല. വിവരങ്ങള്‍ പരമാവധി ആളുകളിലേക്ക് എത്തിക്കുകയാണ് പ്രധാനം. നിരോധനം പ്രഖ്യാപിച്ചതിന്റെ രാഷ്ട്രീയ ലക്ഷ്യം കോടതി പരിഗണിക്കുന്നില്ല. മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് എന്‍.വി രമണയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ ആറ് മാസം പിന്നിടുമ്പോഴാണ് സുപ്രീം കോടതി വിധി വരുന്നത്.
പ്രത്യേക പദവി നീക്കം ചെയ്ത് കേന്ദ്ര ഭരണ പ്രദേശം ആക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് നാലിന് അര്‍ദ്ധ രാത്രിയാണ് ജമ്മുകാശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിൽ ആക്കുകയും ആശയ വിനിമയ സംവിധാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.
ഈ നടപടികളുടെ ഭരണഘടന സാധുതയിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുക. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന്‍ തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയത്.
നിയമങ്ങളുടെയോ നടപടിക്രമങ്ങളുടെയോ പിൻബലമില്ല, ഏകപക്ഷീയമാണ്, മൗലികാവകാശങ്ങളുടെ ലംഘനമാണ്, പ്രദേശവാസികളുടെ ജീവിതം തകിടം മറിച്ചു, എല്ലാ മേഖലകളെയും തകര്‍ത്തു, ജനങ്ങളെ സര്‍ക്കാര്‍ ശിക്ഷിക്കുകയാണ് തുടങ്ങിയവയായിരുന്നു ഹര്‍ജിക്കാരുടെ വാദങ്ങൾ.
ദേശസുരക്ഷക്കും രാജ്യത്തിന്റെ പരമാധികാര സംരക്ഷണത്തിനും വേണ്ടിയായിരുന്നു നടപടി എന്നാണ് സര്‍ക്കാര്‍ വാദം. ഇതുവഴി രക്തച്ചൊരിച്ചില്‍ ഒഴിവായി. ക്രമസമാധാന പാലനത്തിന് ഇന്റര്‍നെറ്റ് നിയന്ത്രണം അനിവാര്യമായിരുന്നു എന്നും ഘട്ടങ്ങളായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

