പ്രാർഥനകൾ വിഫലം; ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി
കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ ഇന്നലെ കാണാതായ ആറുവയസുകാരി ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി. കോസ്റ്റല്‍ പൊലീസിന്റെ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റിക്കാടിനോടു ചേര്‍ന്നു വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതേദഹം. പുഴയില്‍ മണല്‍വാരിയുണ്ടായ കുഴികളുണ്ട്. ഇതാവാം ഇന്നലത്തെ തിരച്ചില്‍ വിഫലമാകാന്‍ കാരണമെന്നു കൊല്ലം കലക്ടർ പറഞ്ഞു. ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും ഉടന്‍ നടത്തും. ഇത് വീഡിയോയില്‍ ചിത്രീകരിക്കും.
പുഴ കേന്ദ്രീകരിച്ചു തന്നെയായിരുന്നു പൊലീസിന്റെ അന്വേഷണം. പുറത്തുനിന്ന് അപരിചിതര്‍ വന്ന് കൊണ്ടുപോകാന്‍ സാധ്യത ഉണ്ടായിരുന്നില്ല. പൊലീസ് നായ വന്നു നിന്നത് പുഴയോരത്തെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ഇന്നലെ പകലും രാത്രിയും സംസ്ഥാന വ്യാപകമായി തിരച്ചില്‍ നടന്നിരുന്നു. ദുരൂഹത കാണുന്നില്ലെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി പ്രതികരിച്ചു. മരണം വേദനാജനകമാണ്. ഒരുനാടിന്റെ തിരച്ചില്‍ വിഫലമായെന്ന് നടൻ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. . വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ്. പ്രദീപ് കുമാര്‍ – ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. വിദേശത്തുള്ള പ്രദീപ് കുമാര്‍ രാവിലെ നാട്ടിലെത്തി.

