മുസ്ലിങ്ങള്‍ക്ക് വിദ്യാഭ്യാസം സംവരണം : മഹാരാഷ്ട്രയിലെ മന്ത്രിസഭയില്‍ ഭിന്നിപ്പ് : ഒരുകാരണവശാലും നടപ്പിലാക്കില്ലെന്ന് ശിവസേന
മുംബൈ: മുസ്ലിങ്ങള്‍ക്ക് വിദ്യാഭ്യാസം സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് മഹാരാഷ്ട്രയിലെ മന്ത്രിസഭയില്‍ ഭിന്നിപ്പ് , സംവരണം ഒരുകാരണവശാലും നടപ്പിലാക്കില്ലെന്ന് ശിവസേന അറിയിച്ചു. മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ളിങ്ങള്‍ക്ക് 5 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നാണ് മഹാവികാസ് അഖാഡി സര്‍ക്കാറിന്റെ പ്രഖ്യാപനം. ഇതിനായുള്ള ബില്‍ നിയമസഭയില്‍ കൊണ്ടുവരുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്ക് അറിയിച്ചു.
‘സ്‌കൂളുകളില്‍ അഡ്മിഷന്‍ ആരംഭിക്കുന്നതിന് മുമ്പായി നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. സമാനമായി തൊഴില്‍ സംവരണവും ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കയാണ്.’ നവാബ് മാലിക് അറിയിച്ചു. കോടതി ഉത്തരവുണ്ടായിട്ടും മുന്‍ ബി.ജെ.പി-ശിവസേന സര്‍ക്കാര്‍ സംവരണം നടപ്പാക്കാന്‍ തയ്യാറായിരുന്നില്ലെന്നും മാലിക് പറഞ്ഞു.
എന്നാല്‍ മാലിക്കിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അത്തരമൊരു തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് മന്ത്രിസഭയിലെ ശിവസേന അംഗവും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. ‘മാലിക്കിന്റെ നിയമസഭയിലെ പ്രസ്താവന എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഏതെങ്കിലും സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉചിതമായ സമയത്ത് തീരുമാനമെടുക്കും. നിലവില്‍ അത്തരത്തില്‍ യാതൊരു തീരുമാനവുമില്ല.’- ഷിന്‍ഡെ പറഞ്ഞു.

