കൊറോണ: തിരുവനന്തപുരം സ്വദേശികളായ 17 മത്സ്യതൊഴിലാളികൾ ഇറാനിൽ കുടുങ്ങി, ആഹാരം പോലും ലഭിക്കുന്നില്ലെന്ന് പരാതി
കൊവിഡ് 19 ന്‍റെ സുരക്ഷാ നടപടികളുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരിച്ചെത്താനാകാതെ തിരുവനന്തപുരത്ത് നിന്നുള്ള മത്സ്യതൊഴിലാളികൾ ഇറാനിൽ കുടുങ്ങി. മത്സ്യബന്ധന വിസയിൽ ഇറാനിലേക്ക് പോയ തൊഴിലാളികളാണ് കുടുങ്ങിയത്. തലസ്ഥാനത്തെ പൊഴിയൂർ, വിഴിഞ്ഞം , മരിയനാട് എന്നിവടങ്ങളിൽ നിന്നും പോയ 17 പേരാണ് പുറത്തിറങ്ങാൻ കഴിയാതെ മുറിയിൽ കഴിയുന്നത്.
ഇറാനിലെ അസലൂരിലെ മുറിയിലാണ് ഇപ്പോഴുള്ളതെന്ന് മത്സ്യബന്ധന തൊഴിലാളികൾ പറയുന്നു. നാല് മാസം മുമ്പാണ് ഇറാനിലേക്ക് പോയത്. മലയാളികളും തമിഴ്നാട്ടിൽ നിന്ന് ഉള്ളവരും അടക്കം എണ്ണൂറോളം പേര്‍ ഇത്തരത്തിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് പൊഴിയൂര്‍ സ്വദേശി അരുൾദാസ് പറയുന്നത്. മുറിക്ക് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. ശേഖരിച്ച് വച്ചിരുന്ന ആഹാരസാധനങ്ങളും കഴിഞ്ഞു. ഇനി എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു.
സ്പോണ്‍സറെ ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ച് വരാനും കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. സര്‍ക്കാര്‍ വൃത്തങ്ങളെ വിവരം അറിയിച്ച് ഇന്ത്യയിലേക്ക് മടങ്ങാനാണ് സ്പോൺസര്‍ പറയുന്നതെന്നും മത്സ്യതൊഴിലാളികൾ പറഞ്ഞു.

