ഡല്‍ഹി കലാപം: ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നോട്ടീസ് നല്‍കും
ഡല്‍ഹി കലാപത്തെതുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും. ഇന്നലെ ഈ വിഷയത്തിലുണ്ടായ ബഹളത്തിനിടെ ലോക്‌സഭയില്‍ കൈയ്യാങ്കളി നടന്നിരുന്നു. ഹൈബി ഈഡന്‍ ഉള്‍പ്പടെ 15 എംപിമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. തന്നെ ബിജെപി എംപി ജസ്‌കൗര്‍ റാണ മര്‍ദ്ദിച്ചെന്ന രമ്യ ഹരിദാസിന്റെ പരാതിയും സ്പീക്കര്‍ക്കു മുന്നിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും കഴിഞ്ഞ ദിവസം പ്രതിപക്ഷ ബഹളമുണ്ടായത്. പ്രധാനമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ ഉയര്‍ത്തിക്കാണിച്ചായിരുന്നു ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
പ്രതിഷേധ ബാനറുമായി ഭരണപക്ഷ നിരയിലേക്ക് അടുത്ത ഗൗരവ് ഗോഗോയി, ഹൈബി ഈഡന്‍ എന്നിവരെ പിടിച്ച് തള്ളി. സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ലോക്സഭയിലെ ബി.ജെ.പി വനിതാ എം.പിമാര്‍ തടഞ്ഞു. ബി.ജെ.പി എം.പി ശാരീരികമായി ആക്രമിച്ചെന്നും പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിക്കപ്പെടുന്നതെന്നും സ്പീക്കറോട് ചോദിച്ച് രമ്യ ഹരിദാസ് പൊട്ടിക്കരഞ്ഞു.
ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ട് മണിവരെ നിര്‍ത്തി വെച്ചു. രണ്ട് മണിക്ക് ശേഷം സഭാ നടപടികള്‍ ആരംഭിച്ചപ്പോഴും പ്രതിപക്ഷ നിര വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഇതിനിടക്ക് ബില്ല് അവതരിപ്പിക്കാന്‍ രാജ്യസഭയില്‍ ശ്രമം നടന്നെങ്കിലും ബഹളം കാരണം അവസാനിപ്പിക്കുകയായിരുന്നു.

