“ഷൂട്ട് അറ്റ് സൈറ്റ്”: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾക്ക് കർണാടക മന്ത്രിയുടെ പരിഹാരം
കർണാടക മന്ത്രി ബി.സി പാട്ടീൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ അവസാനിപ്പിക്കാനുള്ള സൂത്രവാക്യം ആവർത്തിച്ചു. ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന “രാജ്യദ്രോഹികളെ” അപ്പോൾ തന്നെ വെടിവെച്ചു കൊല്ലണം എന്നാണ് ബി സി പാട്ടീൽ പറയുന്നത്.
ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന ആളുകളെ വെടിവച്ചുകൊല്ലാൻ ഓർഡിനൻസ് കൊണ്ടുവരാൻ ഞാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും, ബിസി പാട്ടീൽ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. “ഇപ്പോൾ, ചില യുവാക്കൾക്ക് ഈ രീതിയിൽ ജനപ്രീതി ലഭിക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു, ഇത് രാജ്യത്തെയും ദേശസ്‌നേഹത്തെയും നശിപ്പിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടന്ന നാല് ദിവസത്തെ അക്രമ സംഭവങ്ങളുടെ മൂർദ്ധന്യത്തിലാണ് മന്ത്രി ഈ വിഷയം ആദ്യം പരാമർശിച്ചത്. ഡൽഹിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു വിഭാഗം ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ ഫലമായിട്ടാണ് ഡൽഹിയിൽ കലാപം ഉണ്ടായതെന്നാണ് പറയപ്പെടുന്നത്.
രാജ്യദ്രോഹികളെന്ന് കരുതുന്ന ആളുകൾക്ക് നേരെ തോക്ക് ഉപയോഗിക്കുന്നത് ബിജെപിയുടെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ നേരത്തെ ന്യായീകരിച്ചിരുന്നു.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി “ഗോലി മാരോ” മുദ്രാവാക്യം വിളിക്കാൻ അനുരാഗ് താക്കൂർ അനുയായികളെ പ്രേരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ വിവാദമായിരുന്നു. തീവ്രവാദികൾക്ക് നേരെ വെടിയുണ്ടകൾ ഉപയോഗിക്കണമെന്നും അല്ലാതെ കെജരിവാളിനെ പോലെ ബിരിയാണി നൽകുകയല്ല വേണ്ടതെന്നും യോഗി ആദിത്യനാഥ് ഡൽഹിയിൽ പ്രസംഗിച്ചിരുന്നു.

