പൊലീസ് അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നുവെന്ന ആരോപണവുമായി സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ
ഇടുക്കി: സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരെ പൊലീസ് അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് പരാതി. വകുപ്പിനെ അവശ്യ സർവീസായി പ്രഖ്യാപിക്കാത്തത് മൂലം ഉദ്യോഗസ്ഥരെ പൊലീസ് വഴിയിൽ തടയുകയാണ്. സർക്കാർ ഇടപെട്ട് അടിയന്തര നടപടി എടുക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
റേഷൻ വിതരണം, പലവ്യജ്ഞന കിറ്റ് വിതരണം, പൂഴ്ത്തിവെപ്പ് കണ്ടെത്തൽ തുടങ്ങി നിരവധി ജോലികളാണ് വകുപ്പിനുള്ളത്. 87 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് ആദ്യഘട്ട റേഷൻ വിതരണം പൂർത്തിയാക്കിയത് 10 ദിവസം കൊണ്ടാണ്. ഇതിനായി തിരക്കിട്ട് പണിയെടുക്കുന്ന ഉദ്യോഗസ്ഥരോടുള്ള പൊലീസിന്‍റെ സമീപനം പലിടത്തും മോശമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ലീഗൽ മെട്രോളജി, റവന്യൂ, തുടങ്ങിയ വകുപ്പുകൾ വരെ ഇടംപിടിച്ചിട്ടുള്ള സർക്കാരിന്‍റെ അവശ്യസർവീസ് പട്ടികയിൽ സിവിൽ സപ്ലൈസ് വകുപ്പ് ഇല്ല. ഇതുമൂലം ഔദ്യോഗിക കാര്യങ്ങൾക്കായി പുറത്തിറങ്ങുന്ന ഉദ്യോഗസ്ഥരെ പൊലീസ് തടയുന്നു. എന്നാൽ പൂഴ്ത്തിവെപ്പുണ്ടെന്ന പരാതി ലഭിച്ചാൽ പരിശോധനക്കായി പൊലീസ് വിളിച്ചുവരുത്തുന്നതും ഇതേ സിവിൽ സപ്ലൈസ് വകുപ്പുകാരെ തന്നെ.
വനിതാ ജീവനക്കാരെ ഉള്‍പ്പെടെ ഒരു മണിക്കൂറോളം പൊരിവെയിലത്ത് പൊലീസ് തടഞ്ഞു നിര്‍ത്തിയ അനുഭവമുണ്ടെന്ന് സിവല്‍ സപ്ലൈസ് ഓഫീസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ഷിജു തങ്കപ്പന്‍ പറഞ്ഞു. ഈ സാഹചര്യത്തിൽ രാപ്പകലില്ലാതെ പണിയെടുക്കുന്നവരുടെ മനോവീര്യം തകർക്കാതിരിക്കാൻ സർക്കാർ എത്രയും വേഗം വകുപ്പിനെ അവശ്യസർവീസായി പ്രഖ്യാപിക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.

