ഇത് നീണ്ടുനിൽക്കുന്ന പോരാട്ടം; ഹോട്ട്സ്പോട്ടുകളിൽ ലോക്ക്ഡൗൺ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് തീവ്രബാധിത മേഖലകളിലും പകർച്ചാസാധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗൺ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് നീണ്ടുനിൽക്കുന്ന പോരാട്ടമാണെന്നും വിട്ടുവീഴ്ചയില്ലാത്ത നീണ്ട യുദ്ധമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ ഗ്രീൻ സോണുകളായ ചില ഇടങ്ങളിൽ ലോക്ക് ഡൗണിൽ ഇളവ് നൽകാവുന്നതാണെന്നും പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു. കേന്ദ്രനിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആവശ്യപ്പെട്ടു.
രാജ്യമൊട്ടാകെ ഒരുമിച്ച് ലോക്ക്ഡൗണിൽ തുടരുന്ന ഈ സാഹചര്യം മാറ്റി ഹോട്ട്സ്പോട്ടുകളിൽ ലോക്ക്ഡൗൺ തുടർന്ന്, മറ്റ് മേഖലകൾക്ക് ഘട്ടം ഘട്ടമായി ഇളവുകൾ നൽകാനാണ് കേന്ദ്രനീക്കമെന്നാണ് സൂചന. രാജ്യത്തെ വിവിധ മേഖലകളായി തിരിച്ച് ലോക്ക്ഡൗൺ നിർദേശങ്ങൾ പ്രഖ്യാപിച്ചേക്കും. ഇതിനായി പ്രത്യേക മാർഗരേഖ പുറത്തിറക്കും.
എന്നാൽ രോഗവ്യാപനം തടയാനുള്ള കർശനമായ നടപടികളുണ്ടാകും. വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഉയർന്ന നിർദേശങ്ങളെല്ലാം പരിഗണിച്ച് അന്തിമതീരുമാനം പിന്നീട് പ്രഖ്യാപിക്കും.
രാവിലെ പത്ത് മണിക്കാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തുടങ്ങിയത്. ഇന്ന് എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരമില്ല എന്നതിനാൽ കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തിൽ പങ്കെടുത്തത്.
നേരത്തേതന്നെ ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ പിൻവലിക്കുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. രാജ്യമൊട്ടാകെ ലോക്ക് ഡൗൺ തുടരണമെന്ന നിലപാട് ഏഴ് സംസ്ഥാനങ്ങൾ സ്വീകരിച്ചെങ്കിലും ആ നിർദേശം നിലവിൽ രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നാണ് കേന്ദ്രസർക്കാരിന്‍റെ വിലയിരുത്തൽ.
പലയിടങ്ങളിലും നിലവിൽ മേഖല തിരിച്ച് കേന്ദ്ര, സംസ്ഥാനസർക്കാരുകൾ ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ സാമ്പത്തിക സ്ഥിതിയിൽ ആശങ്ക വേണ്ട എന്നാണ് ഇന്നത്തെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്.