• Breaking News

    രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25,000 ലേക്ക്; 779 മരണം

    Number of Covid casualties in the country to 25,000; 779 death,www.thekeralatimes.com

    രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25000 ലേക്ക് അടുക്കുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണം 24,942 ആയി. 779 പേർ മരിച്ചു. 24 മണിക്കൂറിനിടെ 1490 പുതിയ കേസുകളും 56 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. 5210 പേർക്ക് രോഗം ഭേദമായി. ഗുജറാത്തിൽ രോഗികളുടെ എണ്ണം 3000 കടന്നു. ഡൽഹിയിൽ കണ്ടെന്റ്‌മെന്റ് സോണുകളുടെ എണ്ണം 95 ആയി.

    കൊവിഡ് അതിവേഗം പടർന്നു പിടിക്കുന്ന അഹമ്മദാബാദ്, സൂറത്ത്, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങൾ കേന്ദ്ര സംഘം സന്ദർശിച്ചു. അഹമ്മദാബാദിലെത്തിയ നിരീക്ഷക സംഘം ഗുജറാത്തിലെ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തു. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. ഇതുവരെ 3071 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചെന്നും 133 പേർ മരിച്ചെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 24 മണിക്കൂറിനിടെ 256 പോസിറ്റീവ് കേസുകളും ആറ് മരണവുമാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത്.

    രാജസ്ഥാനിൽ 33മത്തെ മരണം റിപ്പോർട്ട് ചെയ്തു. ജയ്പൂരിൽ 65കാരിയാണ് മരിച്ചത്. മധ്യപ്രദേശിലെ ഇൻഡോറിൽ മാത്രം 56 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തുള്ളവരെ നാട്ടിലെത്തിക്കാനുള്ള നടപടിക്ക് ഉത്തർപ്രദേശ് സർക്കാർ തുടക്കമിട്ടു. ഹരിയാനയിൽ നിന്ന് 82 ബസുകളിലായി 2224 തൊഴിലാളികളെ ഉത്തർപ്രദേശിലെത്തിച്ചു. കർണാടകയിൽ പോസിറ്റീവ് കേസുകൾ 500 ആയി. തമിഴ്‌നാട്ടിൽ 66 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 43ഉം ചെന്നൈയിലാണ്. അതേസമയം, ഡൽഹിയിൽ ലോക്ക് ഡൗൺ മേയ് 16 വരെ നിട്ടിയേക്കും. നിയന്ത്രണങ്ങളിൽ ഇളവ് നൽകണോ എന്നതടക്കം കാര്യങ്ങളിൽ അടുത്ത തിങ്കളാഴച ഡൽഹി സർക്കാർ തീരുമാനമെടുക്കും.