ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ബുദ്ധിസ്റ്റ് ബന്ധം : ശ്രീലങ്കയ്ക്ക് 15 മില്യന്‍ യുഎസ് ഡോളറിന്റെ സഹായവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ബുദ്ധിസ്റ്റ് ബന്ധം. അയല്‍പക്കം ആദ്യം എന്ന നയപ്രകാരം ശ്രീലങ്കയ്ക്ക് എപ്പോഴും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്ഷെയുമായുള്ള വിര്‍ച്വല്‍ ഉഭയകക്ഷി സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആയിരക്കണക്കിനു വര്‍ഷങ്ങളോളം പഴക്കമുള്ളതാണ് ഇന്ത്യ – ശ്രീലങ്ക ബന്ധമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബുദ്ധിസ്റ്റ് ബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ 15 മില്യന്‍ യുഎസ് ഡോളറിന്റെ സഹായമാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്. ഉത്തര്‍പ്രദേശിലെ കുഷിനഗറിലേക്കുള്ള ഉദ്ഘാടന വിമാനത്തില്‍ ശ്രീലങ്കയില്‍നിന്നുള്ള ബുദ്ധ തീര്‍ഥാടകരെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയോടു ചേര്‍ന്ന് എംടി ന്യൂ ഡയമണ്ട് എന്ന എണ്ണ ടാങ്കറിലെ തീ അണയ്ക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണാവസരം വര്‍ധിപ്പിച്ചുവെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്ഷെ പറഞ്ഞു. അയല്‍രാജ്യവുമായുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ വിര്‍ച്വല്‍ യോഗമായിരുന്നു. ഓഗസ്റ്റില്‍ അധികാരത്തിലെത്തിയ രജപക്ഷെ ഒരു വിദേശരാജ്യത്തിന്റെ നേതാവുമായി നടത്തുന്ന ആദ്യ നയതന്ത്ര കൂടിക്കാഴ്ചയുമാണിത്.