അനുവിന്റെ ആത്മഹത്യ: യുവമോര്‍ച്ചയുടെ ലോങ് മാര്‍ച്ച് രണ്ടാം ദിവസം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ യുവജന വഞ്ചനക്കെതിരെ യുവമോര്‍ച്ചയുടെ ലോംങ് മാര്‍ച്ച് രണ്ടാം ദിവസം നെയ്യാറ്റിൻകരയിൽ നിന്നും ആരംഭിച്ചു. അപ്രഖ്യാപിത നിയമനനിരോധനം അവസാനിപ്പിക്കുക, പിഎസ്‌സി റാങ്ക് ലിസ്റ്റുകളില്‍ നിന്ന് കാര്യക്ഷമമായി നിയമനങ്ങള്‍ നടത്തുക, പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ ക്യഷ്ണയുടെ നേത്യത്വത്തില്‍ ലോങ് മാര്‍ച്ച് നടക്കുന്നത്. റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം ലഭിക്കാത്തതുമൂലം ഓണനാളില്‍ ആത്മഹത്യ ചെയത കാരക്കോണത്ത് അനുവിൻറെ വീട്ടിൽ നിന്നും അനുവിന്റെ അമ്മ തീ പകർന്ന് നൽകിയ ദീപശിഖയും കൊണ്ടാണ്
ലോങ് മാര്‍ച്ച് ആരംഭിച്ചത്.
ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി രണ്ടാം ദിവസം യാത്രതുടരുന്ന ലോങ്ങ് മാർച്ച് നെയ്യാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന ജന സെക്രട്ടറി ശ്യാംരാജ് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ബി.എൽ.അജേഷ്, ജെ ആർ അനുരാജ്, ബി.ജി വിഷ്ണു, ചന്ദ്രകിരൺ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ സജിത്ത്, പാപ്പനംകോട് നന്ദു, ആനന്ദ്, രാമേശ്വരം ഹരി, ആശാനാഥ്, കവിതാ സുഭാഷ്, അനന്ദു, തുടങ്ങിയവർ സംസാരിച്ചു. യുവമോർച്ച നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ശിവകുമാർ അധ്യക്ഷത വഹിച്ചു. ചൊവ്വാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ലോങ് മാർച്ച് സമാപിക്കും.

