• Breaking News

    ‘ഹാർഡ് കോർ മോഡി ഫാൻ’ ആണെന്ന് സ്വയം പ്രഖ്യാപിച്ച സ്‌ത്രീത്വം; പൊള്ളയായ വിവാദങ്ങൾക്കെതിരെ ഒരു ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്

    Self-proclaimed femininity of being a ‘hard core Modi fan’; A Facebook post against hollow controversies , www.thekeralatimes.com

    യുവമോർച്ച നേതാവ് സ്‌മിതാ മേനോന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഒരു ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്. യുഎഇയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പ്രോട്ടോക്കോൾ ലംഘിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനൊപ്പം സ്മിതാമേനോൻ പങ്കെടുത്തെന്ന ആരോപണത്തെ തുടർന്നാണ് അഡ്വ: ശങ്കു ടി ദാസിന്റ് ഫെയ്‌സ് ബുക്ക് പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സ്‌മിതാ മേനോനെതിരായ പൊള്ളയായ വിവാദങ്ങൾക്കെതിരെയാണ് ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നത്.

    ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണരൂപം:

    ഫേസ്ബുക്കിൽ സജീവമായ 2014 കാലം മുതൽ സ്മിത ചേച്ചിയെ എനിക്കറിയാം.
    സ്ത്രീകൾ സംഘ പരിവാർ അനുഭാവം തുറന്ന് പറയാൻ മടിച്ചിരുന്ന അക്കാലത്ത് തന്നെ ‘ഹാർഡ് കോർ മോഡി ഫാൻ’ ആണെന്ന് സ്വയം പ്രഖ്യാപിച്ചിരുന്ന അവരൊക്കെ വലിയ കൗതുകമായിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരിചയപ്പെടുന്നതും നേരിട്ട് സംസാരിക്കുന്നതും ഒക്കെ. Ready to Wait എന്നെഴുതിയ പ്ലാക്കാർഡുകളുമെന്തി കേരളത്തിലെ വിശ്വാസി സ്ത്രീകൾ വലിയൊരു മുന്നേറ്റം തുടങ്ങി വെച്ചപ്പോൾ അതിന്റെ ആദ്യ നിരക്കാരിൽ ഒരാളായി സ്മിതേച്ചി ഉണ്ടായിരുന്നു.

    ടൈംസ് നവ് ഡിബേറ്റ് ഫ്ലോറിൽ അർണാബ് ഗോസ്വാമിയെ എതിരിട്ട് കൊണ്ട് നാല് മലയാളി പെണ്ണുങ്ങൾ വിശ്വാസി സമൂഹത്തിന്റെ ശബ്ദമായി മാറിയപ്പോൾ അതിലൊരാൾ സ്മിതേച്ചി ആയിരുന്നു. പന്തളത്ത് ആദ്യമായി സുപ്രീം കോടതി വിധിക്കെതിരെ ഒരു വിശ്വാസി സംഗമവും നാമ ജപ ഘോഷയാത്രയും സംഘടിപ്പിക്കപ്പെട്ടപ്പോൾ ആ വേദിയിൽ ആദ്യാവസാനക്കാരി ആയും സ്മിതേച്ചി ഉണ്ടായിരുന്നു. അങ്ങനെയൊക്കെയാണ് സ്മിതാ മേനോൻ എന്ന ഫേസ്ബുക് ഐഡി എനിക്ക് സ്മിത ചേച്ചി ആവുന്നത്.

    കാലം കൊണ്ടോ പരിചയം കൊണ്ടോ അല്ല, ആ കാലത്തിനിടയിൽ ചെയ്ത കർമ്മങ്ങൾ കൊണ്ടും, അതിനിടയിൽ തെളിയിച്ച സമർപ്പണ ബുദ്ധി കൊണ്ടും തന്നെയാണ് അവരങ്ങനെ പലർക്കും ചേച്ചിയും അനിയത്തിയും മകളും ബന്ധുവും ഒക്കെയായത്.
    അവർ കെ.സി.രാഘവ കുറുപ്പ് എന്ന രാഘവേട്ടന്റെ മരുമകൾ ആണെന്നൊക്കെ പിന്നീടാണ് അറിയുന്നത്.

    രാഘവേട്ടൻ കേരളത്തിലെ മുതിർന്ന സംഘ കാര്യകർത്താവും മുൻ ബിജെപി സംസ്ഥാന സമിതി അംഗവും ഒക്കെ ആയിരുന്നല്ലോ. എന്നാൽ സംഘപരിവാർ പ്രസ്ഥാനങ്ങളും ആയി വലിയ അടുപ്പമുള്ള കുടുംബമാണ് അവരുടേതെന്ന് മുൻപേ മനസ്സിലായിരുന്നു.
    കുമ്മനവും മുരളീധരനും സുരേന്ദ്രനും ശശികല ടീച്ചറും ഗോപാലൻ കുട്ടി മാസ്റ്ററും പരമേശ്വർജിയും മുതൽ സ്മൃതി ഇറാനിയും രവിശങ്കർ പ്രസാദും സാക്ഷാൽ അമിത് ഷായും വരെ അവരുടെ വീട്ടിലെ സ്ഥിരം സന്ദർശകർ ആയിരുന്നെന്ന് ഫേസ്ബുക് പോസ്റ്റുകളിൽ നിന്ന് കാണുന്നുണ്ടായിരുന്നു.

    എറണാകുളത്ത് ഏത് ബിജെപി നേതാവ് വന്നാലും ശ്രീജിത്ത്‌ ഏട്ടനെയും സ്മിത ചേച്ചിയെയും നുന്നുവിനെയും മുഖം കാണിച്ചിരിക്കണം എന്ന് വല്ല നിയമവും പാർട്ടി ഭരണഘടനയിൽ ഉണ്ടോ എന്ന് ഗ്രൂപ്പുകളിൽ ഒക്കെ ഞങ്ങൾ തമാശ പറഞ്ഞിരുന്നു.
    എന്നാൽ തമാശയ്ക്ക് അപ്പുറം അതിഥികൾക്കായി എപ്പോഴും വാതിലുകൾ മലർക്കേ തുറന്നിട്ട, നിറഞ്ഞ ചിരിയോടെ അവരെ സ്വീകരിക്കുകയും സൽക്കരിക്കുകയും ചെയ്യുന്ന, വലിയ മനസ്സുള്ള ആളുകൾ താമസിക്കുന്ന ഒരു വീടാണ് അതെന്ന് ഉറപ്പായിരുന്നു.
    സ്മിത ചേച്ചിയെക്കാൾ എനിക്കടുപ്പം ശ്രീജിത്ത്‌ ഏട്ടനോട് ആണ്.

    പ്രൊഫഷനിൽ എന്നേക്കാൾ എത്രയോ ഏറെയുള്ള സീനിയോറിറ്റിയും, മിസോറാം ഗവർണ്ണർ ശ്രീധരൻ പിള്ളയുടെ ജൂനിയർ ആയി പ്രാക്ടീസ് തുടങ്ങിയ ആളെന്ന ഗ്ലാമറും, ഹൈകോടതിയിൽ നിലവിൽ കേന്ദ്ര സർക്കാരിന്റെ സ്റ്റാന്റിംഗ് കൗൺസൽ എന്ന പത്രാസും ഒന്നും നോക്കാതെ കാര്യമായി എന്തെങ്കിലും എഴുതിയാൽ വിളിച്ചു “നന്നായി എഴുതി ശങ്കൂ.. പറയാതെ വയ്യ” എന്നഭിനന്ദിക്കുന്ന ശ്രീജിത്തേട്ടൻ ഏറ്റമില്ലാത്ത മനുഷ്യനെന്തെന്ന മാതൃകയാണ്. മൂപ്പർ കോഴിക്കോട് ഗവ ലോ കോളേജിൽ എബിവിപിയുടെ യൂണിറ്റ് സെക്രട്ടറി ആയിരുന്ന കാലത്ത് ഞാനൊന്നും ലോ കോളേജിൽ ചേരുന്ന കാര്യം ചിന്തിച്ചിട്ട് പോലുമില്ലെന്ന് ഓർക്കണം.

    എന്നാൽ അത്തരം മൂപ്പിളമ കോമ്പ്ലക്സോ, പാട്രണൈസിങ് ടോണോ ഇല്ലാതെ, തുല്യതയോടെ രാഷ്ട്രീയം സംസാരിക്കുന്ന അപൂർവ്വം മുൻ കാര്യകർത്താക്കളെയേ ഞാൻ കണ്ടിട്ടുള്ളൂ.
    എന്തായാലും മനുഷ്യരുടെ മനസ്സിലേക്ക് ഇടിച്ചു കയറി വേണ്ടപ്പെട്ടവർ ആയി മാറാനുള്ള എന്തോ ഒരു മന്ത്രവിദ്യ ആ വീട്ടിലെ എല്ലാവർക്കുമുണ്ട് എന്നുറപ്പാണ്.
    ഏറ്റവും കുഞ്ഞായ നുന്നുവിന് വരെ ആ മാജിക് അറിയാം.
    അത് കൊണ്ടാണ് അവർ ആക്രമിക്കപ്പെടുമ്പോൾ ഒരുപാടു പേർക്ക് വേദനിക്കുന്നത്.
    അവർ അകാരണമായി വേട്ടയാടപ്പെടുമ്പോൾ ഒരുപാടു മനുഷ്യരുടെ നെഞ്ചിൽ ചോര പൊടിയുന്നത്.

    എന്താണ് സ്മിത മേനോൻ മഹിളാ മോർച്ച സെക്രട്ടറി ആയതിലെ അപാകത എന്ന് പോലും എനിക്കിതുവരെ മനസ്സിലായിട്ടില്ല. അവർക്കെന്തെങ്കിലും അയോഗ്യത ഉണ്ടോ?
    കുടുംബത്തിന്റെ സ്വാധീനമോ രാഷ്ട്രീയ ബന്ധങ്ങളോ ഉപയോഗിക്കാതെ സ്വന്തം കഴിവിൽ ഒരു സംരംഭക ആയി ഉയർന്നു വന്ന ആളാണ് സ്മിത മേനോൻ. മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്ത ശേഷം കൊച്ചിയിൽ സ്വന്തമായി ഒരു പി.ആർ ഏജൻസി സ്ഥാപിക്കുകയും സ്വയം അതിന്റെ നടത്തിപ്പുകാരി ആവുകയും ആണവർ ചെയ്തത്. ആ മേഖലയിൽ അവർ നേടിയ വിജയത്തിന്റെ തെളിവിലേക്ക് എത്രയോ ആനുകാലികങ്ങളിലും ബിസിനസ് മാഗസിനുകളിലും വന്ന അവരുടെ അഭിമുഖങ്ങളും ഫീച്ചറുകളും ധാരാളം.

    അങ്ങനെയുള്ള സ്ത്രീകളെ മഹിളാ മോർച്ചക്ക് ആവശ്യമില്ലേ? സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ പ്രസ്ഥാനത്തിലേക്കും ബഹുജന സംഘടനകളിലേക്കും എത്തിക്കുക എന്ന നയത്തിന്റെ ഭാഗമായി താൻ തന്നെയാണ് സ്മിതാ മേനോനെ മഹിളാ മോർച്ച ഭാരവാഹിത്വത്തിലേക്ക് ക്ഷണിച്ചത് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആയ കെ. സുരേന്ദ്രൻ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും എന്തിനാണ് അവർക്ക് സ്ഥാനം ലഭിച്ചത് വി. മുരളീധരനുമായുള്ള എന്തോ വഴിവിട്ട ബന്ധം മൂലമാണ് എന്ന മട്ടിലുള്ള ഹീനമായ പ്രചാരണങ്ങൾക്ക് മുതിരുന്നത്? സ്ത്രീകൾക്ക് ഏതെങ്കിലും മേഖലയിൽ ഉയർന്നു വരാനും മുകളിലെത്താനുമുള്ള ഒരേയൊരു വഴി അത് മാത്രമാണ് എന്നാരെങ്കിലും കരുതുന്നുണ്ടോ? മികവ് കൊണ്ട് മുന്നേറുക എന്നത് സ്ത്രീകൾക്ക് അസാധ്യമാണ് എന്നാണോ അങ്ങനെ ആരോപിക്കുന്നവരുടെ വാദം?

    കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള വി. മുരളീധരന്റെ വിദേശ പര്യടനത്തിൽ പി.ആർ റിപ്പോർട്ടർ ആയ സ്മിത മേനോൻ പങ്കെടുത്തതിനെ സംബന്ധിച്ചുള്ള ആരോപണത്തിൽ കേന്ദ്ര മന്ത്രിയും അവരും വസ്തുതകൾ വിശദീകരിച്ചിട്ടുള്ളതാണ്. മീഡിയ എൻട്രി നൽകുന്നത് തന്റെ ചുമതലയല്ലെന്ന് മന്ത്രിയും യാത്ര ചെയ്തതും റിപ്പോർട്ട് ചെയ്തതും ഒരു വിദേശ കോൺഫറൻസ് കവർ ചെയ്യുക എന്ന പ്രൊഫഷണൽ എക്സ്പോഷറിന് വേണ്ടി തന്റെ സ്വന്തം ചിലവിൽ ആണെന്ന് സ്മിതാ മേനോനും വ്യക്തമാക്കി കഴിഞ്ഞു.
    സാധാരണ നിലയിൽ ആ വിവാദം അവിടെ അവസാനിക്കേണ്ടതാണ്.
    അങ്ങനെ അവസാനിപ്പിക്കാൻ താല്പര്യം ഇല്ലാത്തവർക്ക് അത് തുടരാവുന്നതുമാണ്.
    വിഷയത്തിൽ പ്രധാന മന്ത്രിയുടെ ഓഫീസ് തന്നെ അന്വേഷണം നടത്തുന്നുണ്ട് എന്നൊക്കെയാണല്ലോ വാർത്തയിൽ കണ്ടത്. അന്വേഷണം നടക്കുകയും കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാവുകയും ചെയ്യട്ടെ.

    എന്നാൽ അതിനിടയ്ക്ക് എന്തിനാണ് അവരുടെ ഫോട്ടോകൾ ദുഷ്ടലാക്കൊടെ പ്രചരിപ്പിച്ചു അശ്ലീലം പറയുന്നത്? എന്തിനാണ് അവരുടെ പതിനാല് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞു മകളുടെ ചിത്രം പോലും കേന്ദ്രമന്ത്രിയോടൊപ്പം ചേർത്ത് വെച്ച് വൃത്തികേട് പ്രചരിപ്പിക്കുന്നത്? ഫേസ് റെക്കഗ്നിഷൻ വെച്ച് മറ്റുള്ളവർ അപ്‌ലോഡ് ചെയ്യുന്ന നമ്മുടെ ഫോട്ടോയിൽ പോലും റിവ്യൂ അലെർട്ടും ടാഗ് സജഷനും വരുന്ന ഫേസ്ബുക്കിൽ ദിവസേന നൂറ് കണക്കിന് സ്വന്തം ഫോട്ടോസ് അസഭ്യ ക്യാപ്ഷനുകളോടെ ആഡ് ചെയ്യപ്പെടുന്നത് കാണേണ്ടി വരുന്ന ഒരു കുടുംബത്തിന്റെ അവസ്ഥ എന്താവും എന്നൂഹിച്ചൂടേ?
    ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്രമേൽ മോബ് വയലൻസിനും സൈബർ ബുള്ളിയിങ്ങിനും സ്ലട്ട് ഷേമിങ്ങിനും വിധേയ ആകുന്ന ഒരു ഒമ്പതാം ക്‌ളാസുകാരി പെൺകുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കും എന്നെങ്കിലും ആലോചിച്ചൂടെ?? യാതൊരു ന്യായീകരവുമില്ലാത്ത വേട്ടയാണ് സ്മിതാ മേനോനും കുടുംബത്തിനും എതിരെ നടന്നു കൊണ്ടിരിക്കുന്നത്.

    അത് ക്രൂരവും നെറികെട്ടതും മനുഷ്യ വിരുദ്ധവുമാണ്. അത് ചെയ്യുന്നവരുടെ ലക്ഷ്യം എന്ത്‌ തന്നെയായാലും അവർ അവലംഭിച്ച മാർഗ്ഗം അവരെ തോൽപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ആ ലക്ഷ്യം വി. മുരളീധരനെ അപകീർത്തിപ്പെടുത്തുക എന്നതാവാം. സ്മിതാ മേനോനെ കൊണ്ട് സ്ഥാനം ഒഴിയിപ്പിക്കുക എന്നതാവാം. മഹിളാ മോർച്ച പോലുള്ള സംഘടനകളുടെ നേതൃത്വത്തിലേക്ക് ഇനിയൊരിക്കലും പുതിയ ആളുകൾ കടന്ന് വരില്ലെന്ന് ഉറപ്പാക്കുക എന്നതാവാം. എന്തായാലും അതിനായുള്ള അവരുടെ ശ്രമങ്ങൾ അവരെ തന്നെയാണ് തുറന്നു കാണിച്ചിരിക്കുന്നത്.

    വികൃതമായ അവരുടെ തനി സ്വരൂപം മറയ്ക്കാനാവാതെ പുറത്തു വന്നിരിക്കുന്നു.
    ഈയവസ്ഥയിൽ മറ്റെല്ലാ ചോദ്യങ്ങളും മാറ്റി വെച്ച് സ്മിതാ മേനോനും കുടുംബത്തിനുമൊപ്പം നിൽക്കാനുള്ള ബാധ്യത നാം ഓരോരുത്തർക്കുമുണ്ട്. അവരുടെ കഴിവിന്റെയോ യോഗ്യതയുടെയോ കാര്യം വേണമെങ്കിൽ നമുക്ക് മറ്റൊരവസരത്തിൽ വിലയിരുത്താം. എന്നാലിപ്പോൾ, ഈ ചെന്നായ്ക്കൂട്ടത്തിന് കടിച്ചു കുടയാൻ അവരെയും കുടുംബത്തിനെയും എറിഞ്ഞു കൊടുക്കില്ലെന്ന് നിശ്ചയിക്കുന്നത് തന്നെയാണ് ധർമ്മം. ആർക്കൊപ്പം എന്ന ചോദ്യത്തിന് മറ്റൊരുത്തരം നൽകാൻ നമുക്കാവില്ല. ഞാൻ സ്മിത ചേച്ചിക്ക് ഒപ്പമാണ്. അവരെയും കുടുംബത്തെയും ചേർത്ത് പിടിക്കുകയും നിരുപാധികമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഒട്ടും ഇടറാതെ മുന്നോട്ട് പോകൂ പ്രിയപ്പെട്ടവരേ

    ഫേസ്ബുക്കിൽ സജീവമായ 2014 കാലം മുതൽ സ്മിത ചേച്ചിയെ എനിക്കറിയാം. സ്ത്രീകൾ സംഘ പരിവാർ അനുഭാവം തുറന്ന് പറയാൻ മടിച്ചിരുന്ന...

    Posted by Sanku T Das on Friday, 9 October 2020