ബാഴ്സ പ്രസിഡന്റ് ബാർതോമ്യു രാജിവച്ചു
സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ പ്രസിഡൻ്റ് ജോസപ് മരിയ ബാർതോമ്യു സ്ഥാനം രാജിവച്ചു. ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നീക്കം നടക്കുന്നതിനിടെയാണ് രാജി. പ്രസിഡൻ്റിനൊപ്പം ബോർഡ് അംഗങ്ങൾ എല്ലാം രാജിവച്ച് ഒഴിഞ്ഞു. ബർതോമ്യുവിനെതിരെ ക്ലബ് ഇതിഹാസം ലയണൽ മെസി നടത്തിയ പരാമർശങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
“ചാംപ്യൻസ് ലീഗ് തോൽവിക്ക് ശേഷം ചെയ്യാവുന്ന എളുപ്പമുള്ള കാര്യമായിരുന്നു സ്ഥാനമൊഴിയൽ. എന്നാൽ കൊവിഡ് കാരണമുള്ള ആഗോള പ്രതിസന്ധിയിൽ ഫുട്‌ബോൾ ലോകം അനിശ്ചിതത്വത്തിലായപ്പോൾ ക്ലബിനെ വിട്ടിട്ടുപോകുന്നത് ശരിയല്ലെന്ന് തോന്നി. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ് ഇത്”- രാജി പ്രഖ്യാപിച്ചു കൊണ്ട് ബർതോമ്യു പറഞ്ഞു. 2014 -ൽ സാന്ദ്രോ റോസൽ ഒഴിഞ്ഞ പ്രസിഡന്റ് പദവിയാണ് ജോസഫ് മരിയ ബർതോമ്യു ഏറ്റെടുത്തത്.
ഏറെക്കാലമായി ബാർതോമ്യു ഉൾപ്പെട്ട ബാഴ്സ ബോർഡിനെതിരെ പല വിമർശനങ്ങളും ഉയർന്നിരുന്നു. ചാമ്പ്യൻസ് ലീഗിൽ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിനോട് 2-8 എന്ന ഭീമമായ സ്കോറിന് പരാജയപ്പെട്ടതും ലയണൽ മെസി ക്ലബ് വിടാൻ താത്പര്യം പ്രകടിപ്പിച്ചതും ഇത് വഷളാക്കി. ഇതേ തുടർന്നാണ് ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നീക്കം നടന്നത്. അവിശ്വാസ പ്രമേയത്തിനുള്ള ഒപ്പ് ശേഖരണം നേരത്തെ പൂർത്തിയായിരുന്നു.
ക്ലബ് വിടണമെന്നാവശ്യപെട്ട് മെസി ക്ലബിന് ബ്യൂറോഫാക്സ് അയച്ചതിനു പിന്നാലെ ഓഗസ്റ്റിലാണ് ഒപ്പ് ശേഖരണം ആരംഭിച്ചത്. കുറച്ചധികം കാലമായി ബാർതോമ്യുവിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. സൂപ്പർ താരം ലയണൽ മെസി ക്ലബ് വിടണമെന്ന് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ കടുത്തു. ക്ലബ് മാനേജ്മെൻ്റും പ്രസിഡൻ്റ് ബാർതോമ്യുവും ഒരു ദുരന്തമാണ് എന്ന് മെസി വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. ക്ലബിൻ്റെ സമ്മർദ്ദം മൂലം മെസി ടീമിൽ തുടർന്നെങ്കിലും ബാർതോമ്യുവിനെതിരെ വിമർശനം കടുത്തു. അതിനു പിന്നാലെയാണ് അവിശ്വാസ പ്രമേയത്തിനു നീക്കം തുടങ്ങിയത്.