പത്തനംതിട്ടയിൽ ബിജെപി ജില്ലാ കമ്മറ്റി അംഗം സിപിഎമ്മിൽ ചേർന്നു; രാജി പാർട്ടി നിലപാടുകളിൽ പ്രതിഷേധിച്ചു
ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം രാജിവെച്ച് സിപിഎമ്മിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ 2006 ൽ റാന്നി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്ന പ്രസാദ് എൻ ഭാസ്‌കരനാണ് പാർട്ടിവിട്ടത്.
ബിജെപിയുടെ ഇപ്പോഴത്തെ നിലപാടുകളുമായി ഒത്തുപോകാൻ കഴിയാത്തതിനാലാണ് പാർടി വിടുന്നതെന്ന് പ്രസാദ് പറഞ്ഞു. ബിജെപിയിലെ എല്ലാ സ്ഥാനവും രാജിവച്ചതായും പ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പാർട്ടിയിൽ ജനാധിപത്യമില്ല, അഭിപ്രായവും ചർച്ചയുമില്ല. വലിയ സ്ഥാനങ്ങളിലുള്ളവർ തീരുമാനങ്ങൾ അടിച്ചേൽപിക്കുകയാണെന്നും ജില്ലയിൽ വിഭാഗീയതയും ശക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
35 വർഷമായി പാർടിയിൽ പ്രവർത്തിക്കുന്നു. പുതിയ ആൾക്കാർ പാർടിയിലേക്ക് വരുന്നില്ലെന്നും പഴയ ആൾക്കാരെ തഴയുകയാണെന്നും പ്രസാദ് പറഞ്ഞു. ആർഎസ്എസിലൂടെ പ്രവർത്തനമാരംഭിച്ച പ്രസാദ് എബിവിപിയിലും സജീവമായിരുന്നു.
പിന്നീട് യുവമോർച്ച ജില്ലാ വൈസ്പ്രസിഡന്റായി. മൂന്നുതവണ ബിജെപി റാന്നി മണ്ഡലം പ്രസിഡന്റും മൂന്നുതവണ ജില്ലാ വൈസ്പ്രസിഡന്റുമായി. തദ്ദേശ തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ സ്ഥാനാർഥിയായിട്ടുണ്ട്.
ബിജെപി വിട്ട പ്രസാദ് എൻ ഭാസ്‌കരനെ സിപിഎം സ്വീകരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി കെ പി ഉദയഭാനു മാലയിട്ട് സ്വീകരിച്ചു.

