ഹത്രാസ് സന്ദർശനം; രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ കേസ്, നടപടി പകർച്ച വ്യാധി നിയമപ്രകാരം
ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു.
പകർച്ച വ്യാധി നിയമപ്രകാരമാണ് കേസ്. 153 കോൺഗ്രസ് പ്രവർത്തകർക്കെതിരെയും ഗൗതം ബുദ്ധ നഗർ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
ഹത്രസ് പീഡനത്തിൽ പ്രതിഷേധം മുന്നിൽകണ്ട് ഡൽഹിയിൽ ഇന്ത്യ ഗേറ്റ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകൾ കൂട്ടംകൂടുന്നത് അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
അതെ സമയം പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന പൊലീസിന്റെ വാദത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുപി പൊലീസ് എഡിജിപി പ്രശാന്ത് കുമാർ ഈക്കാര്യം അറിയിച്ചത്.

