ഹത്രാസ് പീഡനം; യു.പി പൊലീസിൽ വിശ്വാസമില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ
ഹത്രാസിൽ ദളിത് പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസിനെതിരെ പിതാവ് രംഗത്ത്. പൊലീസിൽ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
വീടും പരിസരവും മുഴുവൻ പൊലീസാണെന്നും ആരോടും സംസാരിക്കാൻ ഇവർ അനുവദിക്കുന്നില്ലെന്നും പിതാവ് പറഞ്ഞു. വീടിന് പുറത്തേക്ക് വീടുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ബലാത്സംഗമോ കൂട്ടബലാത്സംഗമോ നടന്നിട്ടില്ലെന്നാണ് പെൺകുട്ടിയുടെ ആന്തരാവയവങ്ങളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ടിൽ പറയുന്നതായി ഉത്തർപ്രദേശ് പൊലീസ് പറയുന്നത്.
കഴുത്തിന് പരിക്കേറ്റതിനാലാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. എഫ്എസ്എൽ (ഫോറൻസിക് സയൻസ് ലബോറട്ടറി) റിപ്പോർട്ടിൽ സാമ്പിളുകളിൽ ശുക്ലം കണ്ടെത്തിയിട്ടില്ല, ചില ആളുകൾ ജാതി അടിസ്ഥാനമാക്കിയുള്ള പിരിമുറുക്കം സൃഷ്ടിക്കുന്നതിനായി വിഷയത്തെ വളച്ചൊടിച്ചുവെന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്.
അതേസമയം, പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. പകർച്ച വ്യാധി നിയമപ്രകാരമാണ് കേസ്. 153 കോൺഗ്രസ് പ്രവർത്തകർക്കെതിരെയും ഗൗതം ബുദ്ധ നഗർ പൊലീസ് കേസെടുത്തു.

