പോപ്പുലര്‍ തട്ടിപ്പ് കേസില്‍ കുറ്റപത്രം വൈകി; പ്രതികള്‍ക്ക് ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാന്‍ പ്രതികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം. 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേസില്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രതികളായ റോയ് ഡാനിയേല്‍, ഭാര്യ പ്രഭ, മകള്‍ റിബ, റിയ എന്നിവരാണ് ജാമ്യാ ഹൈക്കോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച കോടതി കുറ്റപത്രം സമര്‍പ്പിച്ചോ എന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നാണ് തന്റെ അറിവെന്നായിരുന്നു അഭിഭാഷകന്റെ പ്രതികരണം. തുടര്‍ന്ന് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കിയ ഹൈക്കോടതി പ്രതികളോട് വിചാരണാ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. ഏഴു വര്‍ഷംവരെ തടവു ലഭിക്കാവുന്ന ഗുരുതരമല്ലാത്ത ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്. ഇന്നലെയായിരുന്നു പ്രതികള്‍ അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയായത്.
അതേസമയം 2000 കോടി രൂപയുടെ തട്ടിപ്പ് നടന്ന കേസില്‍ അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിന്റെ ഭാഗമായി പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്ന നടപടി പുരോഗമിക്കുകയാണ്.