• Breaking News

    നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതിക്കെതിരെ സർക്കാരും

    Actress assault case: Government against trial court , www.thekeralatimes.com

    നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. അതിനിടെ വിചാരണക്കോടതിക്കെതിരെ സർക്കാരും രംഗത്തെത്തി.

    പരാതിക്കാരിയുടെ ആക്ഷേപങ്ങൾ കോടതി പരിഗണിച്ചില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതികൾക്ക് നൽകുന്ന രേഖകൾ പ്രോസിക്യൂഷന് ലഭിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി. പരാതികൾ എന്തുകൊണ്ട് വിചാരണ കോടതിയെ അറിയിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. പരാതികൾ വിചാരണക്കോടതിയിൽ തന്നെ ബോധിപ്പിച്ചതാണെന്ന് സർക്കാർ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയ കോടതി, വിശദമായ സത്യവാങ്മൂലം മുദ്രവച്ച കവറിൽ സമർപ്പിക്കാനും ഉത്തരവിട്ടു.
     
    വിചാരണക്കോടതിയുടെ നടപടികൾ ശത്രുതാപരവും പക്ഷപാതപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. വിസ്താരത്തിന്റെ പേരിൽ കോടതി മുറിയിൽ പ്രധാന പ്രതിയുടെ അഭിഭാഷകൻ തന്നെ മാനസികമായി പീഡിപ്പിച്ചപ്പോൾ കോടതി നിശബ്ദമായി നിന്നു. പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹർജിയിലുണ്ട്. എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ കോടതി ഒരു തീരുമാനവും എടുത്തില്ലെന്നും പ്രോസിക്യൂഷൻ ആവർത്തിച്ച് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും നടി ആരോപിച്ചു.