• Breaking News

    “മാധ്യമങ്ങൾ നാളെ പോകും, ഞങ്ങളേ ഉണ്ടാകൂ”: ജില്ലാ മജിസ്‌ട്രേറ്റ് ഭീഷണിപ്പെടുത്തിയാതായി ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബം

    "The media will go tomorrow, we will be there" The girl's family in Hathras said she was not threatened by the district magistrate , www.thekeralatimes.com

    ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബം, തങ്ങളെ സന്ദർശിച്ച മുതിർന്ന ജില്ലാ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നും സമ്മർദ്ദം ചെലുത്തിയതായും ആരോപിച്ചു.

    ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) കുടുംബവുമായി സംസാരിക്കുന്നതിന്റെ വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

    “നിങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കരുത്. പകുതി മാധ്യമങ്ങൾ ഇന്ന് പോയി, ബാക്കി പകുതി നാളെ പോകും. ഞങ്ങൾ മാത്രമേ നിങ്ങളുടെ കൂടെ ഉണ്ടാകൂ. നിങ്ങളുടെ പ്രസ്താവന മാറ്റണോ വേണ്ടയോ എന്നത് നിങ്ങൾക്ക് തീരുമാനിക്കാം. ഞങ്ങൾക്കും മാറ്റാനും കഴിയും,” മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോയിൽ ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലക്ഷർ പറയുന്നതായി കേൾക്കാം. 


    പ്രചാരത്തിലുള്ള മറ്റൊരു വീഡിയോയിൽ, കൊല്ലപെട്ട പെൺകുട്ടിയുടെ ബന്ധുവായ ഒരു സ്ത്രീ ക്യാമറയിലേക്ക് നോക്കി കരഞ്ഞുകൊണ്ട് സംസാരിക്കുന്നു: “അവർ ഞങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുന്നു. ഞങ്ങളുടെ മകൾ കൊറോണ വൈറസ് ബാധിച്ച് മരിച്ചിരുന്നുവെങ്കിൽ നഷ്ടപരിഹാരം ലഭിക്കുമായിരുന്നുവെന്ന് അവർ പറയുന്നു. കേസ് ഒഴിവാക്കപ്പെടും എന്ന് അവർ പറയുന്നു. ഞങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഞങ്ങളുടെ പിതാവിനെയും ഭീഷണിപ്പെടുത്തുന്നു.”

    “ഇരയുടെ അമ്മയുടെ വീഡിയോകൾ ഉപയോഗിച്ച് അവർ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു. ആ സമയത്ത് അവളുടെ അമ്മ മനസ്സിൽ വന്നതെല്ലാം സംസാരിച്ചിരുന്നു … അവർ ഞങ്ങളെ ഇവിടെ താമസിക്കാൻ അനുവദിക്കില്ല. ജില്ലാ മജിസ്‌ട്രേറ്റ് വളരെ തന്ത്രശാലിയാണ്, അയാൾ ഞങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ്. അവർ ഞങ്ങളെ സമ്മർദ്ദത്തിലാക്കുന്നു, അവർ ഞങ്ങളെ നിർബന്ധിക്കുകയും ഞങ്ങളുടെ പ്രസ്താവനകൾ വിശ്വസനീയമല്ലെന്ന് പറയുകയും ചെയ്യുന്നു, ഞങ്ങൾ ഞങ്ങളുടെ പ്രസ്താവനകൾ മാറ്റിക്കൊണ്ടിരിക്കുന്നു, ഞങ്ങൾക്ക് വിശ്വാസ്യതയില്ല. ” ഒരു കുഞ്ഞിനെയും ഒക്കത്ത് ഇരുത്തികൊണ്ട് അവർ പറയുന്നത് വിഡിയോയിൽ കാണാം.

    അതേസമയം കുടുംബത്തിന്റെ ആരോപണം ഉദ്യോഗസ്ഥൻ നിഷേധിച്ചു.

    “ഞാൻ ഇന്നലെ ആറ് കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി, ഞങ്ങൾ ഒന്നര മണിക്കൂറോളം സംസാരിച്ചു. അവരുടെ അസംതൃപ്തി എന്താണെന്ന് അറിയാൻ ഞാൻ ഇന്ന് വീണ്ടും അവരുമായി കൂടിക്കാഴ്ച നടത്തി. അവരുമായുള്ള എന്റെ ഇടപെടലിനെക്കുറിച്ചുള്ള മോശം അഭ്യൂഹങ്ങൾ ഞാൻ നിഷേധിക്കുന്നു. പ്രതിയെ തൂക്കിലേറ്റണം എന്നതാണ് അവരുടെ പ്രധാന ആവശ്യം. ഞാൻ അവരുടെ ആശങ്കകൾ മാറ്റാൻ ശ്രമിച്ചു, കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിചാരണ ചെയ്യുമെന്ന് അവരോട് പറഞ്ഞു,” ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലക്ഷർ പറഞ്ഞു.